തിരുവനന്തപുരം: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് സംബന്ധിച്ച് മുഴുവന്‍ ഫയലുകളും രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ ഒന്നായിരുന്നു ശ്രീനിവാസന്‍ വധക്കേസ്.
കേസ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ എന്‍ഐഎക്ക് നിര്‍ദേശിച്ചിരിന്നു. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിയോട് നേരത്തെ തന്നെ ആവശ്യം അറിയിക്കുകയായിരുന്നു. പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതു വരെ 44 പേരെയാണ് അറസ്റ്റ് ചെയ്‌തത്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന്‍റെ പ്രതികാരമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ ഒരു സംഘം പിഎഫ്‌ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഏപ്രില്‍ 16 നായിരുന്നു ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
16ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് രണ്ട് ബൈക്കുകളില്‍ എത്തിയ ആറുപേരടങ്ങുന്ന അക്രമി സംഘത്തിലെ മൂന്ന് പേര്‍ ചേര്‍ന്നാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. തലയില്‍ ആഴത്തിലേറ്റ മൂന്ന് വെട്ടുകളോടൊപ്പം പത്തോളം ആഴത്തിലുള്ള മുറിവുകളാണ് ശ്രീനിവാസന്‍റെ ഇന്‍ക്വസ്റ്റ് പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും കണ്ടെത്തിയിരുന്നത്.