തിരുവനന്തപുരം: ഇന്ന് ശ്രീനാരായണ ഗുരുജയന്തി. ജാതിയുടേയും മതത്തിന്‍റെയും തൊട്ടുകൂടായ്‌മകളെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുദേവന്‍റെ 165-ാം മത് ജന്മദിനം നാടെങ്ങും ഭക്‌തനിര്‍ഭരമായ പരിപാടികളോടെ ആഘോഷിക്കും. ഗുരുദേവ മന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും സമ്മേളനങ്ങളും ഉള്‍പ്പെടെയുള്ളവ നടക്കും.
കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരു ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ഉപദേശിച്ചു. സവര്‍ണ്ണമേധാവിത്വത്തിനും സാമൂഹ്യതിന്മകള്‍ക്കും എതിരെ പോരാടി കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. ഒരു ജാതിയും ഒരു മതവും മനുഷ്യനെന്ന ആഹ്വാനവും ഗുരുവിന്‍റേതായിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആപ്‌തവാക്യം. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ആ മഹാത്മാവിനെ ഓര്‍മ്മിക്കാനുള്ളതാവട്ടെ ഈ ജന്മദിനം.