തിരുവനന്തപുരം: തലസ്ഥാനത്തെ ലഹരിവേട്ട അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കാറില്‍ കടത്താന്‍ ശ്രമിച്ച 94 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. എക്‌സൈസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ എസ് വിനോദ് കുമാറിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല.
എസ്‌എഫ്ഐ നേതാവ് അടക്കം അറസ്റ്റില്‍: കഴിഞ്ഞ ദിവസമാണ് കണ്ണേറുമുക്കില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി എസ്‌എഫ്ഐ നേതാവ് ഉള്‍പ്പെടെ നാല് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്ക്വാഡ് പിടികൂടിയത്. കരുമഠം സ്വദേശികളായ രതീഷ്, വിഷ്‌ണു, അഖില്‍, തിരുവല്ല മേനില സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്‌ത്രീയും കുട്ടികളും ഓടി രക്ഷപ്പെട്ടു. സ്‌ത്രീയേയും കുട്ടികളെയും മറയാക്കിയാണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്. ആറ് എടിഎം കാര്‍ഡുകളും ഏഴ് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെത്തി.
കഞ്ചാവ് എത്തിച്ചത് ആന്ധ്രപ്രദേശില്‍ നിന്ന് : ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. പ്രതിയായ വിഷ്‌ണു ഭാര്യയേയും മക്കളെയും കൂട്ടി വിനോദ യാത്ര പോകുകയാണെന്ന വ്യാജേനയാണ് വിജയവാഡയിലെത്തിയത്. എന്നാല്‍ കാര്‍ വാടകയ്‌ക്ക് എടുക്കുമ്പോള്‍ കുടുംബവുമൊത്ത് കന്യാകുമാരിയില്‍ പോകുകയാണെന്നാണ് പറഞ്ഞത്.
ശാസ്‌ത മംഗലം സ്വദേശി നന്ദകുമാറിന്‍റെ കാറാണ് സംഘം വാടകയ്‌ക്ക് എടുത്തത്. എന്നാല്‍ ജിപിഎസ് ഘടിപ്പിച്ച കാറിന്‍റെ സഞ്ചാരപഥം ഉടമ നന്ദകുമാറിന് മനസിലായി.കാര്‍ 1600 കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടെന്ന് മനസിലായ നന്ദകുമാറിന് സംഭവത്തില്‍ ദുരൂഹത തോന്നി. ഇതോടെ നന്ദകുമാര്‍ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ സംഘം അന്ധ്രയിലെ കഞ്ചാവ് തോട്ടങ്ങളുള്ള ഭാഗത്തേക്ക് സഞ്ചരിച്ചതായി എക്‌സൈസ് കണ്ടെത്തി. ആന്ധ്രയില്‍ നിന്ന് തിരിച്ചെത്തിയ സംഘം കണ്ണേറുമുക്കിലെ ഒരു കടയ്‌ക്ക് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് എക്‌സൈസ് സംഘം എത്തിയത്.
മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. കൂടാതെ എടിഎം കാര്‍ഡുകളില്‍ നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് അതാത് ബാങ്കുകള്‍ക്കും എക്‌സൈസ് കത്ത് നല്‍കിയിട്ടുണ്ട്. പിടിയിലായ 94 കിലോ കഞ്ചാവിനായി പ്രതികള്‍ രണ്ട് ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് എക്‌സൈസിന്‍റെ പരിശോധനയില്‍ കണ്ടെത്തിയത്.
ഇത് പത്തിരട്ടി വിലയിലാകും ഇവര്‍ കേരളത്തില്‍ വില്‍പന നടത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രതികള്‍ക്ക് ഈ തുക കണ്ടെത്താന്‍ മറ്റ് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എക്‌സൈസിന്‍റെ നിഗമനം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രതികള്‍ രണ്ട് തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസിന്‍റെ നിഗമനം. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ തീരുമാനമായത്.