തിരുവനന്തപുരം : നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക് പൂട്ടിടാൻ സർക്കാർ. സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താനാകും.
അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും ഈ ടീമിന്‍റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്‌റ്റി എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ പരിശോധന അവലോകനം ചെയ്യുന്നതിന് വേണ്ടി ചേർന്ന യോഗത്തിൽ കൊവിഡിന് ശേഷം വകുപ്പിന്‍റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി.
ആറുമാസത്തിനുള്ളിൽ അരലക്ഷം പരിശോധന : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ സുരക്ഷ വകുപ്പ് വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്. 2019ല്‍ 18,845 ഉം 2020ല്‍ 23,892 ഉം 2021ല്‍ 21,225 ഉം പരിശോധനകളാണ് ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്.
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല : 2019ല്‍ 45ഉം 2020ല്‍ 39 ഉം 2021ല്‍ 61ഉം കടകള്‍ അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചുവെന്നും യോഗം വിലയിരുത്തി. ഫുഡ് സേഫ്‌റ്റി ഓഫിസര്‍മാര്‍ മുതല്‍ കമ്മിഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്ത് ഹോട്ടലുകളും സ്ഥാപനങ്ങളും തുടങ്ങുന്നതിനുവേണ്ടി പാലിക്കേണ്ട നിർദേശങ്ങളും ചർച്ചയായി. സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അത് റദ്ദാക്കപ്പെട്ടാല്‍ പിന്നീട് കമ്മിഷണര്‍ നേരിട്ട് കണ്ടാൽ മാത്രമേ പുനസ്ഥാപിക്കുന്നതിന് അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
ഓൺലൈൻ സംവിധാനം ശക്തമാക്കും : കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താനും രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് അവലോകനങ്ങള്‍ രണ്ടാഴ്‌ചയിലൊരിക്കല്‍ നടത്തും. സംസ്ഥാന തലത്തില്‍ മാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ഓണ്‍ലൈന്‍ സംവിധാനം ശക്തമാക്കുകയും ചെയ്യാനും യോഗം തീരുമാനിച്ചു.
ഹൈജീന്‍ റേറ്റിങ്ങിന് പോർട്ടൽ : ഇനിമുതല്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ഓണ്‍ലൈന്‍ മുഖേന ഫുഡ് സേഫ്‌റ്റി ഉദ്യോഗസ്ഥര്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തില്‍ വിലയിരുത്തണം. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിങ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.