തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്‍ അടക്കമുളള നിയമനിര്‍മാണത്തിനായി നിയമസഭയുടെ 10 ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറും തമ്മില്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ തര്‍ക്കം മുറുകുന്നതിനിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷവും തയാറെടുക്കുന്നുണ്ട്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം, റോഡിലെ കുഴി, സര്‍വകലാശാലകളിലെ നിയമനങ്ങള്‍ ഇങ്ങനെ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ മുന്‍പിലുള്ളത്. ഗവര്‍ണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകളാണ് സഭ സമ്മേളനത്തില്‍ പരിഗണനയില്‍ വരുന്ന പ്രധാന ബില്ലുകള്‍. ഇത് ഉള്‍പ്പെടെ 11 ബില്ലുകള്‍ നിയമം ആക്കുകയാണ് സമ്മേളനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നിയമ നിര്‍മാണത്തിന് സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ അസാധുവാക്കിയ സവിശേഷ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിന് മാത്രമായുള്ള സഭ സമ്മേളനം. ലോകായുക്ത നിയമ ഭേദഗതി ബില്‍ വരുന്നത് ബുധനാഴ്‌ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എതിർപ്പുമായി സിപിഐ: ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സിപിഐ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ലില്‍ സിപിഐ നിലപാട് എന്താകുമെന്നതില്‍ കൗതുകമുണ്ട്. സര്‍ക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി ഹിയറിങ് നടത്തട്ടേയെന്നാണ് സിപിഐ നിര്‍ദേശം.
ഇത് സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും വെച്ച ധാരണ. ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സിപിഐയുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്തി. ഞായറാഴ്‌ച എകെജി സെന്‍ററിലായിരുന്നു ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി പി രാജീവ് എന്നിവരാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നീ നേതാക്കളുമായി ചർച്ച നടത്തിയത്.
വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ബില്ലാണ് അടുത്തത്. ഇതിനെ ശക്തമായി എതിര്‍ക്കാനൊരുങ്ങുന്ന പ്രതിപക്ഷം, പ്രിയ വര്‍ഗീസിന്‍റേതടക്കമുള്ള ബന്ധുനിയമനങ്ങളും ഉന്നയിക്കും. വിവാദങ്ങളോട് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നതും സഭയിലാകും. ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനമാണ് ചേരുന്നത്. നാളെ മുതലാകും നിയമനിർമാണങ്ങളിലേക്ക് കടക്കുക.