തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസ് അന്വേഷിക്കാനും ക്രമസമാധാന പാലനത്തിനും ഡിഐജി ആര്‍ നിഷാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍. ഡിവൈഎസ്‌പി റാങ്കിലുള്ളവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ ഒരു സംഘത്തെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്.
ശബരിമലയില്‍ അധിക ഡ്യൂട്ടിയിലുണ്ടായിരുന്ന നൂറോളം ഉദ്യോഗസ്ഥരെയും വിഴിഞ്ഞത്തേക്ക് വിളിപ്പിച്ചു. അതോടൊപ്പം വിഴിഞ്ഞം ആക്രമണ കേസില്‍ സമരസമിതിക്കെതിരെ ഒരു കേസ് കൂടി ചാര്‍ജ് ചെയ്തു. കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചതിന് കണ്ടാലറിയുന്ന 50 പേർക്കെതിരെയാണ് കേസ്. എട്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് കണക്ക്. എന്നാല്‍, അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല.
വെള്ളിയാഴ്‌ചയാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇനിയൊരു അക്രമസംഭവം ഉണ്ടാകില്ലെന്ന് സമരസമിതി ഉറപ്പ് നല്‍കിയിട്ടുണ്ട്.