തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിന്‍റെ ദുരൂഹ മരണത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോൺസന്‍റെ നേതൃത്വത്തിൽ രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം ഇന്ന് (ഒക്‌ടോബർ 30) അന്വേഷണം ആരംഭിക്കും. ഷാരോൺ രാജിന് ജ്യൂസും കഷായവും നൽകിയ വനിത സുഹൃത്തിനെയും കുടുംബത്തെയും അന്വേഷണസംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു.
പെണ്‍കുട്ടിയോട് രാവിലെ പത്ത് മണിയോടെ റൂറല്‍ എസ്‌പി ഡി ശിൽപയുടെ ഓഫിസിലേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വിശദമായി തന്നെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. ഷാരോണിന്‍റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇന്നലെ (ഒക്‌ടോബർ 29) പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സാധിച്ചിരുന്നില്ല.
മരണത്തില്‍ ഇതുവരെ ഒരു വ്യക്തത നല്‍കാന്‍ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. സെപ്‌റ്റംബര്‍ 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാനായി മൂന്നാം വര്‍ഷ ബിഎസ്എസി വിദ്യാര്‍ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിക്കൊപ്പം താമിഴ്‌നാട്ടിലെ രാമവര്‍മൻ ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം റെക്കോഡ് ബുക്ക് വാങ്ങാന്‍ വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് കൊണ്ടാണ് വീടിന് പുറത്തേക്ക് വന്നത്. തുടര്‍ന്ന് ഷാരോണ്‍ അവശനാവുകയായിരുന്നു.
Also read: ഷാരോൺ രാജിന്‍റെ മരണം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ്‌പി