തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന നടപടികള്‍ സിപിഎം ഊര്‍ജിതമാക്കുന്നതിനിടെ ജോസഫ് വിഭാഗം എംഎല്‍എ മാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ കടുപ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജോസഫ് പക്ഷം നിയമസഭയില്‍ വിപ്പു ലംഘിച്ചെന്നാരോപിച്ച് ജോസ് പക്ഷം നല്‍കിയ പരാതിയില്‍ അയോഗ്യരാകാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എ മാരായ പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസ് നല്‍കി. ഓഗസ്റ്റ് 24ന് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ജോസഫ് പക്ഷം വിപ്പു ലംഘിച്ചുവെന്നാരോപിച്ച് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്കു നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ വിശദീകരണം തേടിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ജോസഫും മോന്‍സ് ജോസഫും യുഡിഎഫിനൊപ്പം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ ജോസ് പക്ഷ എംഎല്‍എ മാരായ റോഷി അഗസ്റ്റിനും ഡോ എന്‍ ജയരാജും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് ചീഫ് വിപ്പ് എന്ന നിലയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന വിപ്പാണ് റോഷി അഗസ്റ്റിന്‍ നല്‍കിയത്.
എന്നാല്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്യണം എന്ന വിപ്പ് മോന്‍സ് ജോസഫും നല്‍കി. കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിനു മുന്‍പ് റോഷി അഗസ്റ്റിന്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പും മോന്‍സ് ജോസഫ് ഡെപ്യൂട്ടി ചീഫ് വിപ്പുമായിരുന്നു. എന്നാല്‍ പാര്‍ട്ടി പിളര്‍പ്പിനു ശേഷം ജോസഫ് വിഭാഗത്തിലെ മൂന്ന് എം.എല്‍.എ മാര്‍ യോഗം ചേര്‍ന്ന് റോഷി അഗസ്റ്റിനെ ചീഫ് വിപ്പു സ്ഥാനത്തു നിന്ന് നീക്കി മോന്‍സ് ജോസഫിനെ പകരം തിരഞ്ഞെടുത്തു. ഇക്കാര്യം സൂചിപ്പിച്ച് സ്പീക്കര്‍ക്ക് ജോസഫ് വിഭാഗം കത്തും നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്ന് മോന്‍സ് വിപ്പു നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ വിപ്പ് താനാണെന്നും തന്‍റെ വിപ്പിനാണ് നിയമസാധുതയുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റോഷി സ്പീക്കര്‍ക്ക് വിപ്പ് ലംഘന പരാതി നല്‍കിയത്. ഈ പരാതിയിലാണ് സ്പീക്കര്‍ ഇപ്പോള്‍ ജോസഫ് പക്ഷത്തോട് വിശദീകരണം തേടിയത്.
തൊട്ടു പിന്നാലെ വിപ്പു ലംഘന പരാതി ജോസഫ് പക്ഷം ജോസിനെതിരെയും നല്‍കി. രണ്ടു പരാതികളും സ്പീക്കര്‍ ഫയിലില്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോന്‍സിന്‍റെ പരാതിയും പരിശോധിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാ രേഖകളില്‍ റോഷി അഗസ്റ്റിനാണ് ചീഫ് വിപ്പ്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതികളില്‍ തീരുമാനമെടുക്കുന്നത് വൈകരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നു. അതിനാല്‍ അതിവേഗം തീരുമാനമെടുക്കേണ്ടതുണ്ട്. രാഷ്ട്രീയ വിവാദം വരുമെന്നു കരുതി തീരുമാനമെടുക്കാതിരിക്കാന്‍ കഴിയില്ല. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭാ ചരിത്രത്തില്‍ സ്പീക്കര്‍ ഒരു എം.എല്‍.എയെ അയോഗ്യനാക്കുന്നതും കേരള കോണ്‍ഗ്രസുകളുടെ പരാതിയിലാണ്. 1989ല്‍ പി.ജെ ജോസഫ് പക്ഷം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്കു മാറിയെങ്കിലും ജോസഫ് പക്ഷത്തെ ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍ ഉറച്ചു നിന്നു. പിള്ളയുടെ നടപടി കൂറുമാറ്റമാണെന്നാരോപിച്ച് ജോസഫ് പക്ഷം നല്‍കിയ പരാതി അംഗീകരിച്ച അന്നത്തെ നിയമസഭാ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കുകയായിരുന്നു.