തിരുവനന്തപുരം : തുടർച്ചയായ രണ്ടാം ദിനവും അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ എ.എൻ.ഷംസീർ നിരാകരിച്ചതിൽ പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് 16 വയസുള്ള പെൺകുട്ടി നടുറോഡിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ തോമസാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ വിഷയം പഴയതാണെന്നും സമീപകാലത്തുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ ആവശ്യം തള്ളി.
ഭരണ സിരാകേന്ദ്രത്തിന് താഴെ സ്ത്രീ സുരക്ഷ അട്ടിമറിക്കപ്പെടുമ്പോൾ പ്രതിപക്ഷം ഇക്കാര്യം എവിടെ പറയുമെന്ന് ചോദ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുന്നേറ്റങ്കിലും ഇത് അവഗണിച്ച സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. സ്പീക്കർ നീതി പാലിക്കുക എന്ന ബാനർ ഉയര്‍ത്തി എ എൻ ഷംസീറിന്‍റെ മുഖം പ്രതിപക്ഷാംഗങ്ങള്‍ മറച്ചുപിടിച്ചു.
ഇതിനിടെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും വേഗത്തിലാക്കിയ സ്പീക്കർ മന്ത്രിമാർ മേശപ്പുറത്തുവയ്‌ക്കേണ്ട കടലാസുകളുടെ പട്ടികയിലേക്ക് കടന്നു. പിന്നാലെ ചട്ടം 300 പ്രകാരം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സംബന്ധിച്ച പ്രത്യേക പ്രസ്താവനയിലേക്ക് മുഖ്യമന്ത്രി കടന്നു. ഇതോടെ പ്രതിപക്ഷം ഇത് ബഹിഷ്കരിച്ച് സഭ വിട്ടു.