തിരുവനന്തപുരം: ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്തതിന് ദേവികുളം എംഎല്‍എ എ.രാജയ്ക്ക 2500 രൂപ പിഴ. നിയമസഭ സ്പീക്കർ എം.ബി. രാജേഷിന്‍റേതാണ് നടപടി. സ്പീക്കർ തെരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് അസാധുവാക്കില്ലെന്നും അദ്ദേഹം റൂളിങ് നൽകി. രാജ എംഎല്‍എ എന്ന നിലയില്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാനിടയായത് മൂലം ഉളവായിട്ടുള്ള ഭരണഘടന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് സ്പീക്കർ റൂളിംഗ് നൽകിയത്.
എ.രാജ മേയ് 24ന് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്‌തത് ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം പട്ടികയില്‍ അനുശാസിക്കുന്നത് പ്രകാരമല്ലെന്ന് കണ്ടെത്തിയിരുന്നു. എ. രാജ തമിഴ് ഭാഷയില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്ന് നിയമവകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു. തമിഴ് ഭാഷയിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവനാമത്തില്‍'' അല്ലെങ്കില്‍ "സഗൗരവം" എന്നിവയില്‍ ഏതെങ്കിലും ഒരു വാക്കിനു സമാനമായ പദം ഉപയോഗിച്ചിരുന്നില്ല. തുടർന്ന് ജൂണ്‍ രണ്ടിന് ശരിയായ രീതിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ഗുരുതരമായ വീഴ്ച സംഭവിച്ചത് ഏതു സാഹചര്യത്തിലാണ് എന്നത് സംബന്ധിച്ച് വിശദമായി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് സ്പീക്കർ അറിയിച്ചു. പൂര്‍ണമല്ലാത്ത സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങള്‍ക്ക് സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ പങ്കെടുക്കാനോ വോട്ട് രേഖപ്പെടുത്തുവാനോ അവകാശമില്ല.
ഈ സാഹചര്യത്തില്‍ എ.രാജ ഹാജരായ മേയ് 24, 25, 28, 31, ജൂണ്‍ ഒന്ന് എന്നീ ദിവസങ്ങളിൽ പ്രതിദിനം അഞ്ഞൂറു രൂപ നിരക്കില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴ ഒടുക്കണം. അതേ സമയം പ്രസ്തുത ദിനങ്ങളില്‍ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികള്‍ ഒന്നും തന്നെ അസാധുവാകുന്നതല്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഭരണഘടന വ്യവസ്ഥകളുടെയും കീഴ്വഴക്കങ്ങളുടെയും കോടതി നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ റൂളിംഗ്.