തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഉചിതമായി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌പീക്കർ എം.ബി രാജേഷ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുമെന്ന് കരുതുന്നുവെന്നും സ്‌പീക്കർ പറഞ്ഞു. തിങ്കളാഴ്‌ച(22.08.2022) മുതൽ പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 മുതൽ 10 ദിവസമാണ് സഭ സമ്മേളിക്കുക. കേരള ലോകായുക്ത ഭേദഗതി ഓർഡിനൻസ് അടക്കം ഓഗസ്റ്റ് എട്ടിന് കാലാവധി അവസാനിച്ച 11 ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്യാനുള്ള സർക്കാർ തീരുമാനം ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത് മൂലം തടസപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. ഓർഡിനൻസുകൾ നിയമസഭയിൽ ബില്ല് ആയി അവതരിപ്പിച്ച് പാസാക്കി നിയമമാക്കുകയാണ് ലക്ഷ്യം.
അഴിമതി തെളിയുന്ന സംഭവങ്ങളിൽ ജനപ്രതിനിധികളെ സ്ഥാനത്തുനിന്ന് നീക്കാൻ ലോകായുക്തയ്‌ക്കുള്ള അധികാരത്തിന് മേൽ മുഖ്യമന്ത്രിക്കും ഗവർണർക്കും നിയന്ത്രണം നൽകുന്ന ഭേദഗതി ഓർഡിനൻസ് അടക്കമാണ് ഗവർണർ ഒപ്പിടാതിരുന്നതിനെ തുടർന്ന് റദ്ദായത്. സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ എന്ന നിലയ്‌ക്കുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്‌ക്കാൻ ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കുന്നതിന്‍റെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
രണ്ടിലേറെ തവണ പുതുക്കിയ ഭൂരിഭാഗം ഓർഡിനൻസുകളും നിയമസഭ ചേർന്നിട്ടും ബില്ല് ആയി അവതരിപ്പിച്ച് നിയമമാക്കാത്തതെന്തെന്നും ഗവർണർ ചോദ്യം ഉന്നയിച്ചിരുന്നു. ഗവർണറുടെ കർശന നിലപാടിനെ തുടർന്ന് പ്രതിസന്ധിയിലായതോടെയാണ് ഗവർണറോട് ഇടയാൻ മുതിരാതെ ബില്ല് അവതരിപ്പിച്ച് നിയമമാക്കാനുള്ള സർക്കാർ നീക്കം. അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കിയാൽ ഗവർണർ ഇനിയെന്ത് തീരുമാനമെടുക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്.