തിരുവനന്തപുരം:തിരുവനന്തപുരം വർക്കലയിൽ അമ്മയ്ക്ക് മകൻ്റെ ക്രൂരമായ മർദനം. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇടവയിൽ സ്വദേശിനിയെ മകൻ റസാഖാണ് മർദിക്കുന്നത്. നിലത്തിരിക്കുന്ന അമ്മയെ മകൻ ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുടുംബ പ്രശ്നത്തെത്തുടർന്നാണ് അമ്മയ്ക്ക് നേരെ മകന്‍റെ ക്രൂരത. റസാഖിൻ്റെ സഹോദരി തന്നെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയത്. സഹോദരൻ അമ്മയെ മർദിക്കുന്ന സമയത്ത് തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് വീഡിയോ പകർത്തിയ സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിലായിരുന്നു മകൻ അമ്മയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും റസാക്കിനെ കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യബസ് ജീവനക്കാരനായ റസാഖ് മദ്യത്തിനും കഞ്ചാവിനും അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്.