തിരുവനന്തപുരം: വർക്കലയിൽ മാതാവിനെ ക്രൂരമായി മർദിച്ച മകൻ റസാഖ് കസ്റ്റഡിയിൽ. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മദ്യലഹരിയിലാണ് മകൻ അമ്മയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന് പൊലീസ് പറയുന്നു. വർക്കല അയിരൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റസാഖിനെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വായിക്കാൻ: മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മർദിച്ച് മകന് ; പൊലീസ് കേസെടുത്തു
നിലത്തിരിക്കുന്ന അമ്മയെ മകൻ ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുടുംബ പ്രശ്നത്തെ തുടർന്നാണ് അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത. റസാഖിൻ്റെ സഹോദരി തന്നെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയത്. സഹോദരൻ അമ്മയെ മർദിക്കുന്ന സമയത്ത് തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് വീഡിയോ പകർത്തിയ സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്വകാര്യ ബസ് ജീവനക്കാരനായ റസാഖ് മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ എസ്പിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ നിർദേശം നൽകി.