തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിന് തെളിവില്ലെന്നും സർക്കാർ നിയോഗിച്ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല.
എഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ ശേഖരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്ര സർക്കാരിന് കൈമാറി. അന്വേഷണം സർക്കാർ നേരത്തെ സിബിഐക്ക് കൈമാറിയിരുന്നു. 2012ന് ഓഗസ്റ്റ് 19ന് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സോളാർ കേസിലെ മുഖ്യപ്രതിയായ യുവതിയുടെ പരാതി. തുടർന്ന് 2018ലാണ് പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കിയായിരുന്നു അന്വേഷണം.