തിരുവനന്തപുരം : സോളാർ പീഡന കേസില്‍ (Solar Sexual Assault Case) മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ വാദം കൂടി പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.(Magistrate Court Approved CBI Investigation Report About Solar Sexual Assault Case)
സോളാർ പീഡന (solar sexual assault case) കേസുമായി ബന്ധപ്പെട്ട് സിബിഐ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് സ്ഥാപിക്കാനുള്ള രേഖകളോ തെളിവോ നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ല എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
ഈ അന്വേഷണ റിപ്പോർട്ടാണ് കോടതി പരാതിക്കാരിയുടെ വാദം കൂടി കേട്ട ശേഷം അംഗീകരിച്ചത്. നേരത്തെ സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനുള്ള സിബിഐയുടെ ക്ലീൻ ചിറ്റ് റിപ്പോർട്ടും കോടതി അംഗീകരിച്ചിരുന്നു.
2012 സെപ്‌റ്റംബർ 19ന് ക്ലിഫ് ഹൗസിൽ ( cliff house )വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാൽ ഇത് തെളിയിക്കാൻ പരാതിക്കാരിയുടെ ഭാഗത്തുനിന്നും മതിയായ തെളിവുകൾ ലഭിച്ചില്ല. മാത്രമല്ല ഉമ്മൻ ചാണ്ടി മരിച്ചുപോയതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നുമായിരുന്നു സിബിഐയുടെ വാദം.
കൂടാതെ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ല എന്നതിനുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് (crime branch) ഹാജരാക്കിയിരുന്നു. ഒമ്പത് വർഷത്തോളം ഉമ്മൻ ചാണ്ടിയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും (congress) ഇടതുപക്ഷം സോളാർ പീഡന കേസ് തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയെ കൂടാതെ ഹൈബി ഈഡൻ, കെ. സി വേണു ഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽ കുമാർ, എ പി അബ്‌ദുള്ളക്കുട്ടി എന്നിവർക്കെതിരെയും അന്വേഷണം നടന്നിരുന്നു. എന്നാൽ ആർക്കെതിരെയും ക്യത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി ഇവരെയും വെറുതെ വിട്ടിരുന്നു.
സോളാർ പീഡന കേസ് ഇടതുപക്ഷത്തിന്‍റെ വെറും നാടകമാണെന്ന് കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനും രാഷ്‌ട്രീയ നേതാക്കളെ അപമാനിക്കാനും സിപിഎം (CPM) ഏതറ്റം വരെയും പോകുമെന്നതിനുള്ള നേർ സാക്ഷ്യമാണ് സോളാർ കേസെന്നും, ഉമ്മൻ ചാണ്ടിയോട് ഇടതുപക്ഷ സർക്കാർ മാപ്പുപറയണമെന്നും കെ.പി.സി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ സിബിഐ കുറ്റവിമുക്തനാക്കിയപ്പോൾ കെ.പി.സി.സി പ്രസിഡന്‍റ് ഗവൺമെന്‍റിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. കേസ് സിബിഐക്ക് വിട്ടതിനാൽ യാഥാർഥ സത്യം പുറത്തുവന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2021ൽ നിയമസഭ തെരെഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പിണറായി വിജയൻ കേസ് സിബിഐക്ക് കൈമാറിയത്.
ALSO READ :ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്: മധുരം വിതരണം നടത്തി കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
പിണറായി വിജയന്‍ സര്‍ക്കാര്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് ചെയ്‌തതെന്ന് യുഡിഎഫ് നേതാക്കളും ആരോപിച്ചിരുന്നു.