തിരുവനന്തപുരം: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ തീരുമാനം നിയമോപദേശം തേടിയ ശേഷം. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ കേസിലെ പരാതി സിബിഐ അന്വേഷിക്കണമെന്ന നിർണായക തീരുമാനം ശനിയാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനം വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷനില്‍ നിന്നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്. ഇത് കൂടാതെ നിയമ വകുപ്പിന്‍റെ നിര്‍ദ്ദേശവും സര്‍ക്കാര്‍ തേടിയിരുന്നു. സിബിഐ അന്വേഷണത്തെ നിയമവകുപ്പും അനുകൂലിക്കുകയായിരുന്നു.
നിര്‍ണ്ണായകമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ച് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയില്‍ നിന്നുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. ഉമ്മന്‍ചാണ്ടിയെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ സോളാര്‍ കേസിലെ പ്രതി നല്‍കിയ പീഡന പരാതികളാണ് സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.