തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷൻ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ വാക്‌സിൻ ലഭ്യത ഉറപ്പാക്കണമെന്ന് സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഡോ. മുഹമ്മദ് അഷീൽ. നിലവിൽ വാക്‌സിൻ ക്ഷാമം മാത്രമാണ്, സമയബന്ധിതമായി വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിനുള്ള തടസം. പ്രതിദിനം രണ്ടരലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യുകയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യം. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ വാക്‌സിന്‍റെ ഉത്പാദനം വർധിപ്പിക്കുകയും പുതിയവയ്ക്ക് അനുമതി നൽകുകയും വേണം. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിൻ പാഴാക്കാതെ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: അതിതീവ്ര കൊവിഡ് വ്യാപനം, വാക്സിൻ ക്ഷാമം; കേരളം ആശങ്കയിൽ
വയോജനങ്ങളെ പാർപ്പിക്കുന്ന ഹോമുകളിലും മറ്റും വാക്‌സിനേഷൻ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ജയിലുകൾ പോലെയുള്ള സ്ഥലങ്ങളിൽ കൂട്ട വാക്‌സിനേഷൻ വേഗം നടപ്പാക്കണം. റിസ്‌ക് സാധ്യത കൂടി കണക്കിലെടുത്താണ് സർക്കാർ വാക്‌സിനേഷന്‍റെ മുൻഗണനാക്രമം നിശ്ചയിക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ആദ്യ പരിഗണന. കൊവിഡ് ബാധിച്ച് മരിച്ച ഏറെപ്പേരുടെയും പ്രായം 45ന് മുകളിലായിരുന്നു.
വാക്‌സിനേഷന് അവസരം ഉള്ളവർ അത് പാഴാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. വാക്‌സിൻ സ്വീകരിച്ചവരിൽ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരെ കുറവാണ്. ഗുരുതരാവസ്ഥയിലേക്ക് എത്താനുള്ള സാധ്യത 95 ശതമാനം വരെ കുറയും. വാക്‌സിൻ എടുക്കാത്തവരെ അപേക്ഷിച്ച് എടുത്തവരിൽ മരണസാധ്യത 100 ശതമാനം കുറവാണെന്നും ഡോ. മുഹമ്മദ് അഷീൽ ചൂണ്ടിക്കാട്ടി.