തിരുവനന്തപുരം: നെയ്യാറിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. പാമ്പിനെ പിടികുടൂന്നതിനിടെയാണ് സംഭവം. പെരുങ്കുളങ്ങര സ്വദേശി ഭുവനചന്ദ്രൻനായരുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്.
തൊഴിലുറപ്പിന്‍റെ ഭാഗമായി കിക്മ കോളജിലെത്തിയതായിരുന്നു ഭുവന ചന്ദ്രൻനായര്‍ ഉള്‍പ്പടെയുള്ള അന്‍പതോളം തൊഴിലാളികള്‍. കാട് മൂടികിടന്ന സ്ഥലത്ത് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്. വനപാലകരെത്തും മുൻപേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവർ പിടികൂടി ചാക്കിലാക്കാൻ ശ്രമിച്ചു. പാമ്പിന്‍റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രൻനായരുടെ കയ്യിൽ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാൽ കഴുത്തിൽ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവർ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പെരുമ്പാമ്പിനെ ഭുവനചന്ദ്രൻനായരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.