തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം രണ്ടാം ദിവസത്തിൽ. ഇന്നലെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമായി ആരംഭിച്ച കായികമേള മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്‌തത്. കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ വികസിക്കുന്നതിലൂടെയാണ് വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മുന്നേറ്റം ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികോത്സവം കായിക വേദി മാത്രമല്ല മാനസികോല്ലാസത്തിൻ്റെ കൂടിച്ചേരൽ കൂടിയാണ്.
വിദ്യാഭ്യാസ രംഗത്തിന്‍റെ മുന്നേറ്റം അത് പഠനനിലവാരത്തിലെ മാത്രം മുന്നേറ്റമല്ല. സ്‌കൂൾ കായികോത്സവത്തെ വലിയ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂൾ കായികമേളകളിൽ ഒന്നാണ് കേരളത്തിലെ സ്‌കൂൾ കായികമേള. കേരളത്തിൽ നിന്നും ഒട്ടേറെ ലോകോത്തര താരങ്ങൾക്ക് വളർന്നു വരാൻ അവസരം ഒരുക്കിയത് യഥാർഥത്തിൽ സ്‌കൂൾ കായികമേളകളാണ്.
കായികമേളയിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് നാളെ ലോകമാകെ ഈ നാട് അവരുടെ പേരിൽ അറിയുന്നതിനുള്ള തുടക്കമാകണം. അതിനായി അവരെ സജ്ജരാക്കുകയാണ് യഥാർഥത്തിൽ ഈ മേള. കൂടാതെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിനുള്ള പദ്ധതി ആരംഭിക്കും. 10 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി 1000 കേന്ദ്രങ്ങളിലാണ് പരിശീലനം.
അഞ്ച് ഘട്ടങ്ങളിലായി അഞ്ച് ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകാനാണ് ഉദേശിക്കുന്നത്. ജൂഡോ പരിശീലനത്തിന് ജൂഡോക്കോ പദ്ധതി, ബോക്‌സിങ് പരിശീലനത്തിന് പഞ്ച് പദ്ധതി എന്നിവയും ആരംഭിക്കും. 5000 കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതി ദേശീയ ഫെഡറേഷൻ സഹകരണത്തോടെ നടപ്പാക്കും. ഇതിന്‍റെ ആദ്യഘട്ടമായി സ്‌പ്രിന്‍റ് പദ്ധതി പത്ത് സ്‌കൂളുകളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ ചാമ്പ്യന്മാരായ പാലക്കാടിന് പിറകെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ മറ്റ് ജില്ലകൾ നടത്തിയ മാർച്ച് പാസ്റ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുകയും ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിക്കുകയും ചെയ്‌തിരുന്നു.