എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ സംഘം ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കർ അഭിഭാഷകനെ കാണാനായി പോയി. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകി.
കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം ഏഴു മണിയോടെയാണ് പൂർത്തിയായത്. ചോദ്യംചെയ്യലിന് ശേഷം ശിവശങ്കർ ഹൈക്കോടിതിയിലെ അഭിഭാഷകൻ പി.എസ്.രാജീവുമായി കൂടിക്കാഴ്‌ച നടത്തി. മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയെ സമീപിക്കുന്നതിന്‍റെ ഭാഗമായാണ് അഭിഭാഷകനുമായുളള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. തുടർന്ന് വിശ്രമത്തിനായി കൊച്ചിയിലെ ഹോട്ടലിലേക്ക് മടങ്ങി. നാളെ രാവിലെ പത്തുമണിയോടെ ശിവശങ്കര്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ യു.എ.പി.എ ചുമത്തി കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ വ്യക്തമായ തെളിവുകൾ ഉണ്ടാകണമെന്നാണ് എൻ.ഐ.എയുടെ തിരുമാനം. ആദ്യതവണ അഞ്ചു മണിക്കൂർ ചോദ്യം ചെയ്ത വേളയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു ശിവശങ്കർ എന്നാണ് സൂചന. അറസ്റ്റിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തെ സാക്ഷിയാക്കാനായിരിക്കും എൻ.ഐ.എ തീരുമാനിക്കുക.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആദ്യ തവണ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത വേളയിൽ ലഭിച്ച വിവരങ്ങൾ, രണ്ടാമത് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ ഉൾപ്പടെ വിശകലനം ചെയ്തായിരിക്കും നാളെ വീണ്ടും ചോദ്യം ചെയ്യുക. നാളെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ വിട്ടയക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അറസ്റ്റിലേക്ക് എൻ.ഐ.എ നീങ്ങുമെന്ന് ശിവശങ്കർ ഭയപ്പെടുന്നതിനാലാണ് അദ്ദേഹം അഭിഭാഷകനെ സമീപിച്ച് ചർച്ച നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ ഓൺലൈനായി എൻ.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന്‍റെ ഭാഗമായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ സമാഹരിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ നിരത്തിയാണ് ഇന്ന് ചോദ്യം ചെയ്തത്. അതേസമയം മൊഴികളിൽ വൈരുദ്ധ്യമോ, പ്രതികളെ സഹായിച്ചുവെന്നതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ എൻ.ഐ.എക്ക് ലഭിച്ചില്ലെന്നാണ് സൂചന.