തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ മുഖ്യപ്രതി ഫാദര്‍ തോമസ് എം കോട്ടൂരിനെതിരെ വീണ്ടും നിര്‍ണായകമായ സാക്ഷി മൊഴി. പൊതു പ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലന്‍ നായരാണ് തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് തന്നോട് കുറ്റ സമ്മതം നടത്തിയെന്ന് കോടതിയില്‍ മൊഴി നല്‍കി. നുണ പരിശോധനയ്‌ക്കെതിരെ പ്രചരണം നടത്താന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും വേണുഗോപാലന്‍ നായര്‍ കോടതിയില്‍ വെളിപ്പെടുത്തി.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതികളായ തോമസ് എം കോട്ടൂരിനെയും, ജോസ് പൂതൃകയലിനെയും കോണ്‍വെന്‍റില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് മുഖ്യസാക്ഷി രാജു ഏലിയാസ് കോടതിയില്‍ മൊഴി നല്‍കിയതിനു പിന്നാലെയാണ് കേസില്‍ വീണ്ടും നിര്‍ണായക മൊഴി പുറത്തുവരുന്നത്. ലോഹക്കുള്ളില്‍ താനും പച്ചയായ ഒരു മനുഷ്യന്‍ മാത്രമാണെന്നും തോമസ് തന്നോട് പറഞ്ഞുവെന്നും അദ്ദേഹം മൊഴി നല്‍കി. നുണപരിശോധനയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ 40 ലക്ഷം രൂപ ചെലവായിയെന്നും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിൽ നുണപരിശോധനക്കെതിരെ പ്രചാരണം നടത്തിയാല്‍ എത്ര തുക വേണമെങ്കിലും നല്‍കാമെന്ന് തോമസ് എം കോട്ടൂര്‍ കോട്ടയം ബിഷപ് ഹൗസില്‍ വച്ച് വാഗ്ദാനം നടത്തിയതായും വേണുഗോപാലന്‍ നായര്‍ വെളിപ്പെടുത്തി. നുണപരിശോധനക്കെതിരെ കോടതിയില്‍ പൊതുതാൽപര്യ ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ടതായും മൊഴിയില്‍ പറയുന്നു. കേസില്‍ വിചാരണ ആരംഭിച്ച ആദ്യഘട്ടത്തില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയെങ്കിലും നിര്‍ണായകമാകുന്ന മൊഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.