തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ നടത്തിയ ഡമ്മി ടെസ്റ്റ് അശാസ്‌ത്രീയമെന്ന് പ്രതിഭാഗം. രാജ്യത്തെ പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കുന്ന വിധികൾ നിരവധിയുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കി. ഒരാൾ സ്വയം കിണറ്റിൽ വീഴുമ്പോൾ ഉണ്ടാക്കുന്ന മുറിവുകളും മറ്റാരെങ്കിലും കിണറ്റിലേക്ക് ഒരു വ്യക്തിയെ എടുത്തിടുമ്പോള്‍ ഉണ്ടാകുന്ന മുറിവുകളും വ്യത്യസ്‌തമാകാം എന്നും പ്രതിഭാഗം വാദിച്ചു. അഭയയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ സി രാധാകൃഷ്‌ണൻ, ഫോറൻസിക് വിദഗ്‌ധൻ ഡോ കന്തസ്വാമി എന്നിവർ കോടതിയിൽ നേരിട്ട് മൊഴി നൽകിയിരുന്നത് ആത്മഹത്യയോ കൊലപാതകമോ ആകാം എന്നാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സിബിഐ കോടതിയിൽ നടക്കുന്ന പ്രതിഭാഗത്തിന്‍റെ അന്തിമ വാദത്തിലാണ് ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയത്.
അഭയയുടെ മരണം കൊലപതകമാണോ, ആത്മഹത്യയാണോ എന്ന സംശയത്തിൽ ഇപ്പോഴും സിബിഐ നിൽക്കുന്ന സാഹചര്യത്തിൽ സംശയത്തിന്‍റെ ആനുകൂല്യം നൽകേണ്ടത് പ്രതികൾക്കാണെന്നും ഇക്കാര്യം ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ വിവിധ വിധികളിൽ പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസിൽ പ്രതികൾ മരണത്തിന് ഉത്തരവാദികളെന്ന് സിബിഐ ഒരു തെളിവ് പോലുമില്ലാതെ ആരോപിക്കുന്നുവെന്നും പ്രതിഭാഗം വ്യക്തമാക്കി.
1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെൻറ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം നാളെ അവസാനിക്കും.