തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി ഭാവി കേരളത്തിന്‍റെ ഈടുവയ്പ്പാണെന്ന് കുറിപ്പില്‍ മുഖ്യമന്ത്രി അവകാശപ്പെടുന്നു.
സംസ്ഥാനത്ത് വ്യാവസായങ്ങള്‍ എത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമാണ് സില്‍വര്‍ലൈന്‍. ദേശിയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവളം, ദേശീയ ജലപാത എന്നിവയ്‌ക്കൊപ്പം റെയില്‍ വികസനവും കേരളത്തിന് ആവശ്യമാണ്. അതിനായാണ് കെ-റയില്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.
വാഹന സാന്ദ്രതയും ജനസാന്ദ്രതയും മൂലം സംസ്ഥാനത്തെ നിരത്തുകളിലെ ശരാശരി വേഗത ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. ഈ പരിമിതി വ്യാവസായിക വളര്‍ച്ചയ്ക്ക് തടസമാവുകയാണ്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. വിശദമായ രൂപരേഖ റെയില്‍വേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. സില്‍വര്‍ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തും.
ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്‌ടപരിഹാരം ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതി കൂടാതെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് ജൂണ്‍ 2ന് പുറത്തിറക്കും.