തിരുവനന്തപുരം : സിൽവർ ലൈൻ ബദൽ സംവാദത്തിന് കെ റെയിൽ എംഡിയെ വീണ്ടും ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സംവാദം മോഡറേറ്റ് ചെയ്യുന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണനാണെന്നും അതിലൂടെ നിഷ്‌പക്ഷത ഉറപ്പിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ക്ഷണം. സംവാദത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ കെ റെയിൽ എംഡി വി.അജിത് കുമാറിനോട് അഭ്യർഥിച്ചു.
സംഘാടകരെന്ന നിലയിൽ ഒരു സന്ദർഭത്തിലും നാളെ നടക്കുന്ന ചർച്ചയെ ബദൽ സംവാദമെന്ന് പേരിടുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തിട്ടില്ല. പരസ്‌പര ആദരവിൻ്റെ ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള തുറന്ന ജനകീയ സംവാദമാണ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്‍റെ മുൻപിൽ ശരിയും തെറ്റും ഉരുത്തിരിയാന്‍ അവസരം നൽകുക മാത്രമാണ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഉന്നം വയ്ക്കുന്നതെന്നും സംഘാടകര്‍ വിശദീകരിക്കുന്നു.
Also Read: സിൽവർ ലൈൻ ബദൽ സംവാദം: കെ റെയിൽ പങ്കെടുക്കില്ല , ചർച്ച നിഷ്‌പക്ഷമല്ലെന്ന് വിശദീകരണം
പാനലിസ്റ്റുകളിൽ ഉൾപ്പെട്ട വ്യക്തികൾ കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് നൽകിയ വിശദീകരണങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ജനകീയ പ്രതിരോധ സമിതി പറയുന്നു.