തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ വിരുദ്ധ സമരം പുനരാരംഭിക്കുന്നു. നവംബറിൽ കേരളത്തിലെ മൂന്ന് മേഖലകളിൽ മാർച്ചും സംവാദവും ധർണ്ണ പരിപാടികളും നടത്തും (Strike against the Silver Line resumes). സമര സമിതിയുടെ സംസ്ഥാനക്കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. സമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇന്ത്യൻ റെയിൽവെയുടെ വികസനത്തിന് ആവശ്യമായ ഭൂമി യഥാസമയം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വിമുഖത തുടരുന്ന കേരള സർക്കാർ സിൽവർ ലൈനിന് വേണ്ടി റെയിൽവെയുടെ പക്കൽ വികസനത്തിന് കരുതി വച്ചിട്ടുള്ള ഭൂമി കൂടി തട്ടിയെടുത്ത് കേരളത്തിലെ റെയിൽ വികസനത്തെ പാടെ സ്‌തംഭിപ്പിക്കപ്പെടുന്ന അവസ്ഥ കൈയ്യും കെട്ടി നോക്കി നില്‍ക്കാൻ കഴിയുകയില്ലെന്നാണ് സമര സമിതി പറയുന്നത്.
തിരുവനന്തപുരം - കാസര്‍ഗോഡ് റെയിൽ റൂട്ടിലായിട്ടുള്ള 120 റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാരുടെ റെയിൽ സൗകര്യങ്ങൾക്ക് പകരമാണ് കേവലം സമ്പന്ന വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതും, നിലവിലുള്ള, റെയിൽവെ സ്റ്റേഷനുകളുമായി യാതൊരു സാമീപ്യവുമില്ലാത്ത 11 സ്റ്റേഷനുകളിൽ മാത്രം നിര്‍ത്തുവാനുദ്ദേശിക്കുന്നതുമായ സിൽവർ ലൈൻ എന്ന വാദമുഖം പരിഹാസ്യമാണെന്ന് സമര സമിതി ആരോപിച്ചു.
അനുമതി ഇല്ലാത്ത സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ ഭൂമി മരവിപ്പിച്ചും, പൊലീസ് മർദ്ദനവും കള്ളക്കേസുകളും എടുത്ത് കേരളത്തിലെ ഗണ്യമായൊരു ജനവിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കെ വീണ്ടും ഈ പദ്ധതിയുമായി രംഗത്ത് വരുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമായ നടപടിയായി സമര സമിതി ആരോപിക്കുന്നു.
ഇതിന്‍റെ ഭാഗമായി നവംബർ 15 ന് എറണാകുളം റെയിൽവേ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. നവംബർ 30 ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തും. നവംബർ 26ന് കോഴിക്കോട് അഴിയൂരിൽ നടക്കുന്ന സമരത്തിന്‍റെ ആയിരം ദിനാചരണ പരിപാടി ഒരു സിൽവർ ലൈൻ സംവാദം, സിൽവർ ലൈൻ വിരുദ്ധ മഹാസംഗമം, പൊതു സമ്മേളനം എന്നീ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.