തിരുവനന്തപുരം: സിക്ക വൈറസ് ബാധ ഗുരുതരമായി ബാധിക്കാന്‍ സാധ്യത ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനുമാണെന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാള്‍. അതുകൊണ്ട് തന്നെ സിക്ക വൈറസിന്‍റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. കൊതുകുകളിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും ഗര്‍ഭസ്ഥ ശിശുവിന് അമ്മയില്‍ നിന്നും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് ഡോ. ലക്ഷ്മി അമ്മാള്‍ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുവിന് സിക്ക ബാധിച്ചാല്‍ തലച്ചോറിന്‍റെ വളര്‍ച്ചയേയും നാഡിവ്യൂഹത്തേയും ബാധിക്കും. ഗര്‍ഭിണികളുള്ള വീട്ടിലുള്ള ആര്‍ക്കെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ പരിശോധനക്ക് വിധേയരാകണം. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ എല്ലാ മാസവും സ്‌കാനിങ് നടത്തുമ്പോള്‍ കുഞ്ഞിന്‍റെ വളര്‍ച്ച പ്രത്യേകം ശ്രദ്ധിക്കണം.
ഗര്‍ഭിണിയാകുന്നതിനെ കുറിച്ച് ആലോചിക്കുന്ന ദമ്പതികള്‍ സിക്ക ബാധിച്ചാല്‍ ഗര്‍ഭധാരണം നീട്ടി വയ്ക്കണം. കൊതുക് കടിക്കുന്നതിലൂടെ വൈറസ് പകരാനാണ് കൂടുതല്‍ സാധ്യതയെന്നും അതുകൊണ്ട് തന്നെ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണമെന്നും ഡോ. ലക്ഷ്മി അമ്മാള്‍ ചൂണ്ടിക്കാട്ടി.
READ MORE: ഗർഭിണികളിലെ വാക്‌സിനേഷൻ; ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാള്‍ സംസാരിക്കുന്നു