തിരുവനന്തപുരം: 2020ൽ ടോക്യോയിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളിയായ സിദ്ധാർഥ ബാബുവാണ്. 15 വർഷം മുമ്പ് കരാട്ടെ ദേശീയ ചാമ്പ്യനും കിക്ബോക്‌സറുമായിരുന്ന സിദ്ധാർഥയുടെ ജീവിതം തകർച്ചയിലും തളർച്ചയിലും തളരാതെ മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാണ്.
തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിയ കാർ ഒരു വർഷമാണ് അദ്ദേഹത്തെ കിടക്കയിലാക്കിയത്. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പക്ഷേ മനസ് തളരാൻ തയ്യാറായിരുന്നില്ല. അങ്ങനെ വിധിക്കെതിരെ പോരാടാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. പിന്നീട് കണ്ടത് കടുത്ത വേദനയിൽ നിന്നും കഠിന ശ്രമങ്ങളിലൂടെ ഉയർത്തെണീറ്റ സിദ്ധാർഥ ബാബുവിനെയാണ്.
അന്നത്തെ അവസ്ഥയിൽ കരാട്ടെ ഉപേക്ഷിച്ച്, പഴയ ഷൂട്ടിങ്ങ് മോഹം പൊടി തട്ടിയെടുക്കുകയെന്നതായിരുന്നു ആദ്യ ചുവടുവെപ്പ്. സാധാരണ ഷൂട്ടർമാരുമായി മത്സരിച്ച് സംസ്ഥാന ചാമ്പ്യനായി. ശേഷം ഭിന്നശേഷിക്കാരുടെ ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പും നേടി. ഓസ്ട്രേലിയയിൽ നടന്ന പാര ഷൂട്ടിങ്ങ് ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനത്തിലൂടെ ടോക്യോ പാരാലിമ്പിക്‌സിലേക്കാണ് സിദ്ധാർഥയുടെ അടുത്ത പ്രയാണം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് അദ്ദേഹം ടൂർണമെന്‍റുകളിയിൽ പങ്കെടുക്കുന്നത്.ഏത് ചോദ്യത്തിനും ശാന്തമായി ഒരു ചിരിയോടെ മറുപടി പറയുന്ന സിദ്ധാർഥ ജീവിതത്തെയും അങ്ങനെയാണ് നേരിടുന്നത്. കേരളം മുഴുവൻ നൽകുന്ന സ്നേഹമാണ് തന്നെ നിലനിർത്തുന്നതെന്ന് അദ്ദേഹം പറയുന്നു.