തിരുവനന്തപുരം : മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ സുഖവാസത്തിന് അവസരമൊരുക്കി പൊലീസ്. റിമാൻഡിലായിട്ടും ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റുന്നതിൽ പൊലീസ് ഉദാസീനത തുടരുന്നതിനിടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള എസി ഡീലക്സ് മുറിയിൽ സുഖവാസത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ. അതേ സമയം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ മാത്രമുള്ള ഗുരുതര പരിക്കുകൾ ശ്രീറാമിന് ഇല്ലെന്നാണ് സൂചന.
അപകടം നടന്നയുടൻ കയ്യിന് പരിക്കേറ്റുവെന്ന് കാണിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശ്രീറാമിനെ ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തു റിമാൻഡിൽ വിട്ടത്. എംആർഐ ഉൾപ്പടെയുള്ള പരിശോധനകൾ ഇന്നു രാവിലെ കൂടി നടത്തിയ ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നായിരുന്നു സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എന്ത് പരിക്കാണ് ഉള്ളതെന്നോ ഏത് ചികിത്സയാണ് നൽകുന്നത് എന്നോ വ്യക്തമല്ല. അതിനിടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള മുറിയിലാണ് ശ്രീറാം ചികിത്സയിൽ കഴിയുന്നത് എന്ന വിവരവും പുറത്തു വന്നു. ശ്രീറാമിന്‍റെ സുഹൃത്തുക്കളായ ഡോക്‌ടർമാരെ മാത്രമാണ് മുറിയിൽ പ്രവേശിപ്പിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും തടസ്സമില്ല. സ്വകാര്യ ആശുപത്രിയിൽ നൽകാൻ കഴിയുന്ന എല്ലാ വിദഗ്ദ ചികിത്സകളും മെഡിക്കൽ കോളേജ് ആശുപത്രിയിലും നൽകാമെന്നിരിക്കയാണ് സുഖവാസത്തിന് അവസരമൊരുക്കുന്ന പൊലീസിന്‍റെ നിലപാട്. ശ്രീറാമിനെതിരെയുള്ള എഫ്ഐആറിന്‍റെ പകർപ്പ് പുറത്തു വിടാൻ പൊലീസ് ഇനിയും തയ്യാറായിട്ടുമില്ല. അതേ സമയം രക്ത പരിശോധന വൈകിയത് ശ്രീറാമിന് അനുകൂലമാകുമെന്നും സൂചനയുണ്ട്. മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മരുന്ന് പരിശോധനയ്ക്ക് മുമ്പ് ശ്രീറാം കഴിച്ചതായും വിവരമുണ്ട്. മണിക്കൂറുകൾ വൈകിയാണ് പൊലീസ് രക്ത പരിശോധനയ്ക്ക് തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമനന്‍റെ വിരലടയാളം ശേഖരിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.