തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ഒക്‌ടോബർ 12ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഇതുവരെ ശ്രീറാം കോടതിയിൽ ഹാജരായിട്ടില്ല. രണ്ടാം പ്രതി വഫ ഫിറോസ് വ്യാഴാഴ്‌ച കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്തു.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രണ്ടു പ്രതികളും ഒരുമിച്ച് ഹാജരാകാത്തതിനാൽ കേസ് പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. ജാമ്യം ലഭിച്ച ശേഷം കുറ്റപത്രം അഭിഭാഷകർക്കാണ് കോടതി കൈമാറിയത്.
2019 ഓഗസ്റ്റ് മൂന്ന് പുലർച്ചെ ഒരു മണിക്ക് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ മാധ്യമ പ്രവർത്തകനായ ബഷീറിനെ ഇടിച്ചിരുന്നു. അപകടത്തിൽ ബഷീർ കൊല്ലപ്പെടുകയും ചെയ്‌തു. മനപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.