തിരുവനന്തപുരം: കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പാള്‍ ഡോ. എം.രമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഇതിനായി കോളജിയേറ്റ് എഡ്യുക്കേഷൻ ഡയറക്‌ടർ വി.വിഘ്‌നേശ്വരിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. എം.രമ വിദ്യാർഥി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നാണ് വ്യക്തമാകുന്നതെന്നും സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലാണ് പ്രിൻസിപ്പാളിന്‍റെ ഭാഗത്ത് നിന്ന് പ്രസ്‌താവനകളും നിലപാടുകളുമുണ്ടായതെന്ന് വ്യക്തമായ ഉടൻ തന്നെ അവരെ പ്രിൻസിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കൽ നോട്ടീസിൽ കാരണം വിശദമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എല്ലായിടത്തും 'നാക്ക്': അടുത്ത വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നാക്ക് അക്രഡിറ്റേഷനിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയെ വികസിപ്പിക്കും. പഠനത്തോടൊപ്പം തൊഴിൽ ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനായി വിവിധ പദ്ധതികൾ നടത്തി വരുന്നുണ്ട്. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്‍റ് സെല്ലുകൾ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ആഴത്തിലുള്ള ഗവേഷണമാണ് വിദ്യാർഥികളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി അറിയിച്ചു.
പൂട്ടിയിട്ട സംഭവം ഇങ്ങനെ: കോളജിലെ കുടിവെള്ളം മലിനമാണെന്നു ചൂണ്ടിക്കാട്ടി പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടതാണ് കാസർകോട് ഗവ.കോളജിലെ വിവാദങ്ങൾക്ക് കാരണം. വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ലാബിൽ കോളജിലെ കുടിവെള്ളം പരിശോധിച്ചു. കുടിവെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയും ഇ കോളിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തിൽ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് എം.രമ ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
മാപ്പപേക്ഷ, കാലുപിടിക്കല്‍: നേരത്തെ കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച ഇതേ പ്രിൻസിപ്പാളിന്‍റെ നടപടി വിവാദമായിരുന്നു. വിദ്യാർഥിക്കെതിരെ നിരവധി പരാതിയുണ്ടെന്നും കാലുപിടിച്ച് മാപ്പ് പറഞ്ഞാൽ ക്ഷമിക്കും അല്ലാത്തപക്ഷം കോളജിൽ നിന്നും പുറത്താക്കുമെന്നും ഇവർ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമാകുകയും വിദ്യാർഥി സംഘടനയായ എംഎസ്എഫ് വിഷയം ഏറ്റെടുക്കുകയും ചെയ്‌തു. പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.