തിരുവനന്തപുരം : രാജ്യം മുഴുവന്‍ വിജയദശമിയും ദസറയും ആഘോഷിക്കുന്നുവെങ്കിലും പഠിപ്പിന്‍റെയും എഴുത്തിന്‍റെയും മഹത്വം കേരളത്തില്‍ മാത്രമേ അതില്‍ കാണുന്നുള്ളൂ എന്ന് ഡോ. ശശി തരൂര്‍ എം പി (Dr. Shashi Tharoor MP). കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിദ്യാരംഭം (Vidyarambham) കേരളത്തിന്‍റെ മാത്രം പ്രത്യേക രീതിയാണ്. സാംസ്‌കാരിക മേഖലയിലും സാഹിത്യ മേഖലയിലും ഒരു ആരംഭം കുറിക്കുകയാണ് ഇതിലൂടെ കേരളത്തിൽ നടത്തുന്നത്.
ഈ രീതി തനിക്ക് ഏറെ ഇഷ്‌ടമാണ്. അതില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ ഇഷ്‌ടമുള്ള കാര്യമാണ്. പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ എത്തുന്നത് വര്‍ഷങ്ങളായുള്ള ശീലമാണെന്നും സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കുഞ്ഞുങ്ങളെ എഴുതിക്കുമെന്നും ശശി തരൂര്‍ എം പി പ്രതികരിച്ചു.
'വര്‍ഷങ്ങളായി വിജയദശമിയില്‍ പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ എത്തുന്ന ശീലമുണ്ട്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രമാണ് എത്താന്‍ സാധിക്കാത്തത്. മൂന്ന് ഭാഷയിലാണ് താന്‍ കുഞ്ഞുങ്ങളെ എഴുതിക്കുന്നത്. ആദ്യം സംസ്‌കൃതത്തില്‍ എഴുതിക്കും. ഹിന്ദിക്ക് അതേ ലിപി തന്നെയാണ്. പിന്നെ മലയാളത്തില്‍ എഴുതിക്കും. മൂന്നാമത് ഇംഗ്ലീഷിലും എഴുതിക്കും. 21-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് പ്രധാനപ്പെട്ട ഭാഷയാണല്ലോ. എല്ലാവർക്കും നല്ല വിദ്യാരംഭം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
എഴുത്തിന് ഇരിക്കേണ്ട പ്രായത്തില്‍ താന്‍ ഇംഗ്ലണ്ടിലായിരുന്നു. ആരെങ്കിലും എഴുത്തിന് ഇരുത്തിയോ എന്ന് ഓര്‍മയില്ല. വളരെ ചെറിയ കുട്ടികള്‍ വരെ ഇത്തവണ എഴുത്തിന് എത്തിയതായി കണ്ടു. മുന്‍പൊക്കെ മൂന്ന് വയസ് കഴിഞ്ഞുള്ള കുട്ടികളായിരുന്നു കൂടുതല്‍ എഴുത്തിന് എത്തിയിരുന്നത്. ചെറിയ കുട്ടികള്‍ എത്തുമ്പോള്‍ കരയുകയുന്നുണ്ടെന്നും ഡോ ശശി തരൂര്‍ പറഞ്ഞു.
വിജയദശമിയുടെ ഭാഗമായി കേരളത്തുലുടനീളെ വിവിധ ക്ഷേത്രങ്ങളിലും കേന്ദ്രങ്ങളിലും നൂറുകണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യക്ഷരം കുറിച്ചത്. രാവിലെ മുതൽ പ്രഗത്ഭരായ ആചാര്യന്മാർ തളികയിൽ നിറച്ച അരിയിൽ വിരലുകൊണ്ടും നാവിൽ സ്വർണം കൊണ്ടും ഹരിശ്രീ കുറിച്ചു. കരഞ്ഞും നിലവിളിച്ചും പുഞ്ചിരിച്ചും ആകാംക്ഷയോടെയുമാണ് കുഞ്ഞുങ്ങൾ തളികയിൽ വിരലോടിച്ചത്.
കൂടുതൽ ഭക്തരെത്തുന്ന പല ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ നാല് മണിയോട് കൂടി തന്നെ കുട്ടികളുമായി രക്ഷിതാക്കൾ എത്തിയിരുന്നു. തലസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി നടന്ന ചടങ്ങിൽ കല - സാംസ്‌കാരിക - സാമൂഹിക മേഖലയിലെ പ്രമുഖരാണ് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുനൽകിയത്.
Also Read : Vijayadashami | തലസ്ഥാനത്ത് ആദ്യക്ഷര മധുരം, അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് പ്രമുഖർ