തിരുവനന്തപുരം : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് അധികാരമേറ്റ പശ്ചാത്തലത്തെ ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യങ്ങളുമായി താരതമ്യം ചെയ്‌തുള്ള ശശി തരൂർ എംപിയുടെ ലേഖനം ശ്രദ്ധേയമാകുന്നു. ബ്രിട്ടീഷ് ജനസംഖ്യയുടെ വെറും 7.5 ശതമാനം മാത്രം വരുന്ന ഏഷ്യന്‍ വംശജരില്‍ നിന്ന് തവിട്ട് നിറമുള്ള ഹിന്ദുവിനെ തങ്ങളുടെ നേതാവായി ബ്രിട്ടനിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ തീരുമാനിച്ച നടപടിയെ, 2008ല്‍ ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായതിനേക്കാള്‍ ത്രസിപ്പിക്കുന്ന നിമിഷമായാണ് ലേഖനത്തില്‍ തരൂര്‍ വിശേഷിപ്പിക്കുന്നത്.
ജനാധിപത്യ രാജ്യങ്ങള്‍ക്ക് വേണ്ട സ്വയം വിശ്വാസമാണ് കുടിയേറ്റത്തിലൂടെ പ്രതിഫലിക്കുന്നത്. ഇത് നമുക്കും ഒരു പാഠമാണ്. സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായത് പോലെ നമുക്ക് ഇവിടെ അതിന് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
ശ്രദ്ധേയമായി തരൂരിന്‍റെ ലേഖനം : 'ഒരിക്കല്‍ കുടിയേറ്റക്കാരിയായ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ കോലാഹലം മറന്നുപോകരുത്. നൂറുകോടി വരുന്ന ഇന്ത്യക്കാരെ ഒരു വിദേശി ഭരിക്കുന്നതില്‍ അന്ന് കടുത്ത പ്രതിഷേധങ്ങളുണ്ടായി. അങ്ങനെയുണ്ടായാല്‍ തല മൊട്ടയടിച്ച് പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നായിരുന്നു ഒരു വനിത നേതാവിന്‍റെ ഭീഷണി.
പക്ഷെ അന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ വിസമ്മതിച്ചു. പകരം വന്ന മന്‍മോഹന്‍ സിങ് തീര്‍ച്ചയായും ന്യൂനപക്ഷത്തില്‍ നിന്നുള്ള ആള്‍തന്നെ. എന്നാല്‍ ഭൂരിപക്ഷം ഹിന്ദുക്കളും സിഖുകാരെ തങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കാണുന്നില്ല' - തരൂർ ലേഖനത്തിൽ പറഞ്ഞു.
'നമുക്ക് പറ്റുമോ': ഇന്ത്യയില്‍ ഭൂരിപക്ഷ വാദം വാഴുന്ന ഇക്കാലത്ത് ഹിന്ദുവോ, സിഖോ, ജൈനനോ, ബുദ്ധമതക്കാരനോ അല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാനാകുമോ എന്നും ശശി തരൂർ ചോദിച്ചു. അങ്ങനെ സംഭവിച്ചാല്‍ അന്നായിരിക്കും ഇന്ത്യ ജനാധിപത്യ രാജ്യം എന്ന നിലയില്‍ പക്വത നേടുക എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തില്‍ 'നമുക്ക് പറ്റുമോ' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് തരൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
താന്‍ കോണ്‍ഗ്രസില്‍ ജൂനിയറാണെന്ന പാര്‍ട്ടിയിലെ എതിരാളികളുടെ ആക്ഷേപത്തിന് പരോക്ഷ മറുപടി നല്‍കാനുള്ള അവസരം കൂടിയായി ഈ ലേഖനത്തെ തരൂര്‍ മാറ്റിയിട്ടുണ്ട്. 'ഋഷി സുനകിന് പ്രായം 42 മാത്രമാണ്. 2015ലാണ് അദ്ദേഹം പാര്‍ലമെന്‍ററി ജീവിതം ആരംഭിച്ചത്. യോർക്‌ഷെയറിലെ പ്രധാന മണ്ഡലമായ റിച്ച് മണ്ഡില്‍ നിന്നാണ് അദ്ദേഹം ആദ്യമായി പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മൂന്നുവര്‍ഷം കൊണ്ട് തെരേസ മേ സര്‍ക്കാരില്‍ അദ്ദേഹം സ്‌റ്റേറ്റ് ഫോര്‍ ലോക്കല്‍ ഗവണ്‍മെന്‍റ് പാര്‍ലമെന്‍ററി അണ്ടര്‍ സെക്രട്ടറിയായി. അതിനുശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ബോറിസ് ജോണ്‍സണ്‍ സുനകിനെ ബ്രിട്ടീഷ് ധനമന്ത്രിയാക്കി. ഏത് മാനദണ്ഡം വച്ച് നോക്കിയാലും തലകറങ്ങിപ്പോകുന്നൊരു വളര്‍ച്ചയാണ്. ഇന്ത്യയില്‍ ഇതെല്ലാം അചിന്തനീയം ആയിരിക്കും. വെറും ഏഴ് വര്‍ഷം കൊണ്ട് ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുക എന്നത് തീര്‍ത്തും വിസ്‌മയിക്കുന്ന നേട്ടം തന്നെ' - തരൂര്‍ പറയുന്നു.
ALSO READ: ഏഷ്യൻ വംശജൻ ചരിത്രത്തില്‍ ആദ്യം: ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു
തരൂരിന് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ആവശ്യമായ യോഗ്യതയില്ലെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ വെറും 13 വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂവെന്നും എതിരാളികള്‍ പ്രചരിപ്പിമ്പോഴാണ് ഏഴ് വര്‍ഷം കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന്‍റെ നേട്ടം നിരത്തി തന്‍റെ സാന്നിധ്യത്തെ ശശി തരൂര്‍ ന്യായീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.