തിരുവനന്തപുരം : ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് തീര്‍ത്തും നിരാശാജനകമെന്ന് ശശി തരൂർ എംപി. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ബജറ്റാണിത്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതിന്‍റെ പ്രശ്‌നമാണിതെന്നും തരൂർ പറഞ്ഞു.
സർക്കാരിന് വരുമാനം വർധിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. വരുമാനം ലഭിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതിനുപകരം പണം ഉണ്ടാക്കാൻ നികുതി വർധിപ്പിക്കുകയല്ല വേണ്ടത്. ഇത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണെന്നും തരൂർ വിമര്‍ശിച്ചു.
പെട്രോളിനും ഡീസലിനും 2 രൂപ അധിക സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതൽ നികുതിയുള്ളത് കേരളത്തിലാണ്. അതിനൊപ്പമാണ് വീണ്ടും ചുമത്തിയിരിക്കുന്നത് - അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാത്തിനും നികുതി ചുമത്തുന്നത് പണപ്പെരുപ്പത്തിന്‍റെ ഫലമാണുണ്ടാക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ 2000 കോടി നീക്കിവയ്ക്കുമ്പോൾ ഇങ്ങനെ നികുതി ചുമത്തുന്നതിലൂടെ അതിന് അർഥമില്ലാതെയാവുകയാണ്. ഈ ബജറ്റ് സ്‌കൂളിലേക്കുള്ള ഹോം വർക്കായി ചെയ്‌തതാണെങ്കിൽ ജയിക്കാനുള്ള മാർക്ക് പോലും ലഭിക്കില്ലെന്നും തരൂർ കുറ്റപ്പെടുത്തി.
സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളെ സംരക്ഷിക്കേണ്ടതും വയോജനങ്ങൾക്ക് ക്ഷേമപെൻഷൻ നൽകേണ്ടതും സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതിന് പണം കണ്ടെത്തേണ്ടത് സർക്കാരാണ്. വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമുണ്ടാക്കുകയാണ് വേണ്ടത്. അതിന് സർക്കാർ ചെയ്യേണ്ടത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്നതാണെന്നും തരൂർ പറഞ്ഞു.