തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ ആശുപത്രി വിട്ടു. പൊലീസ് കസ്റ്റഡിയിൽ വച്ച് ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗ്രീഷ്‌മ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ചയായിരുന്നു (ഒക്‌ടോബര്‍ 31) ആത്മഹത്യ ശ്രമം.
തുടർന്ന് മൂന്നുദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ വച്ച ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തിരിക്കുന്നത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്‌തതിനാൽ ഗ്രീഷ്‌മയെ അട്ടക്കുളങ്ങരയിലെ വനിത ജയിലിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ ഗ്രീഷ്‌മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ഇതിനായി നാളെത്തന്നെ കസ്റ്റഡി അപേക്ഷ നൽകും. കഷായത്തിൽ അണുനാശിനി കലർത്തിയാണ് ഗ്രീഷ്‌മ ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. തെളിവ് നശിപ്പിച്ച കേസില്‍ അറസ്റ്റിലായ ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനും നിലവിൽ റിമാൻഡിലാണ്.