തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്‌മ നടത്തിയ ആത്മഹത്യ ശ്രമം നാടകമെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം. പൊലീസിന്‍റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായാണ് ഇത്തരമൊരു ശ്രമം നടത്തിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നാണ് ഗ്രീഷ്‌മ ലൈസോള്‍ കുടിച്ചത്.
ഇക്കാര്യം ഗ്രീഷ്‌മ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഷാരോണിനെ വധിക്കാന്‍ ഇന്‍റര്‍നെറ്റിലടക്കം വ്യാപക പരിശോധന നടത്തിയ ഗ്രീഷ്‌മയ്ക്ക് ലൈസോള്‍ കുടിച്ചാല്‍ മരണം സംഭവിക്കില്ലെന്ന് വ്യക്തമായി അറിയാമെന്നും പൊലീസ്. ഗ്രീഷ്‌മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇന്ന് വീട്ടിലും കീടനാശിനിയുടെ കുപ്പി ഉപേക്ഷിച്ചെന്ന് പറയുന്നയിടത്തും തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എന്നാല്‍ ആത്മഹത്യ ശ്രമം ഇതിന് തടസമായി.
ഇന്നലെ അന്വേഷണം സംഘം നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിന്‍റെ ആദ്യ മൂന്ന് മണിക്കൂര്‍ അതി വിദഗ്‌ധമായാണ് ഗ്രീഷ്‌മ ഉത്തരം നല്‍കിയിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ആന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ നിരത്തിയപ്പോഴാണ് കുറ്റ സമ്മതം നടത്തിയത്. ഷാരോണിന് വിഷം നല്‍കിയ ശേഷവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുമെല്ലാം അന്വേഷണം തന്നിലേക്ക് എത്താതിരിക്കാന്‍ ഗ്രീഷ്‌മ വിദഗ്ധമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇവയെല്ലാം കണക്കിലെടുത്താണ് ഇന്നത്തെ ആത്മഹത്യ ശ്രമവും നാടകമാകാമെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിയത്.