തിരുവനന്തപുരം: ഷാരോൺ വധക്കേസ് തമിഴ്‌നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. സെക്രട്ടേറിയറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ഷാരോണിന്‍റെ അച്ഛൻ ജയരാജ്, അമ്മ സിന്ധു എന്നിവര്‍ പരാതി കൈമാറിയത്. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറില്ലെന്നുള്ള ഉറപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചതായി ഷാരോണിന്‍റെ പിതാവ് ജയരാജൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
മുഖ്യമന്ത്രിയെ കണ്ടില്ല: മുഖ്യമന്ത്രി ഓഫീസിൽ ഇല്ലാതിരുന്നതിനാൽ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷാണ് കുടുംബത്തെ കണ്ടത്. ഷാരോണിന് കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വീട്ടിൽ വച്ചാണ് വിഷം കലർത്തിയ കഷായം ഗ്രീഷ്മ ഷാരോൺ നൽകിയത്.
അതുകൊണ്ടുതന്നെ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് റൂറൽ എസ്പിക്ക് നിയമപദേശം ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് കേസ് കൈമാറിയാൽ അട്ടിമറിക്കും എന്ന ആശങ്ക അറിയിക്കാനാണ് കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.