തിരുവനന്തപുരം: നിർമാതാക്കളുമായി നിലനിൽക്കുന്ന പ്രശ്നം സംബന്ധിച്ച് ഷെയ്ൻ നിഗം മന്ത്രി എ.കെ ബാലനുമായി ചർച്ച നടത്തി. ഔദ്യോഗിക വസതിയായ പമ്പയിൽ അമ്മയോടൊപ്പം എത്തിയാണ് ഷെയ്ൻ മന്ത്രിയെ കണ്ടത്. തൊഴിൽ രംഗത്ത് നേരിട്ട വിഷമതകൾ ഷെയ്ൻ സൂചിപ്പിച്ചതായും ഷെയ്ൻ വ്യക്തമാക്കിയ കാര്യങ്ങൾ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനസികമായി വിഷമങ്ങൾ അനുഭവിക്കുന്ന നിലവിലെ സാഹചര്യത്തിൽ സിനിമ മേഖലയിൽ മുന്നോട്ടു പോകാൻ തടസ്സമുണ്ടാക്കുന്ന സമീപനങ്ങളാണ് ദിവസവും ഉണ്ടാകുന്നതെന്ന് ഷെയ്ൻ നിഗം മന്ത്രിയെ അറിയിച്ചു. തൻ്റെ ഭാഗം കേൾക്കാതെയാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തതെന്നും ഷെയ്ൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
വെയിൽ സിനിമ പൂർത്തിയാക്കുന്നതിന് സഹകരിക്കുമെന്ന് ഷെയ്ൻ മന്ത്രിയെ അറിയിച്ചു. എഗ്രിമെൻ്റ് ലംഘിക്കുന്ന പെരുമാറ്റമാണ് ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നും ഉണ്ടായത്. ഇക്കാര്യം വ്യക്തമാക്കാനായി കരാറിൻ്റെ കോപ്പിയും ഷെയ്ൻ മന്ത്രിക്ക് കൈമാറി. അതേ സമയം വിഷയത്തിൽ നിലവിൽ നേരിട്ട് ഒരിടപെടൽ നടത്താനുള്ള പരിമിതികളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. തത്ക്കാലം അമ്മ സംഘടന ഇടപെട്ട് പ്രശനത്തിന് പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് സർക്കാർ .