തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ബി.ജെ.പിയെയും വെറുതെ വിട്ട് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് സി.പി.എം-ബി.ജെ.പി അന്തര്‍ധാരയുടെ ഭാഗമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് മോദിയെ സുഖിപ്പിക്കാനുള്ള പിണറായിയുടെ ശ്രമമാണ്. സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മോദിയെ സുഖിപ്പിക്കേണ്ടതിന്‍റെ ആവശ്യമുണ്ടെന്നും, കേരളത്തിലെ ഒരു എം.പിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുന്നത് എന്തിനെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഇപ്പോഴും ഓഫിസിന് മുന്നില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പൊലീസ് കാഴ്‌ചക്കാരായി നോക്കി നില്‍ക്കുന്നു. എന്തുകൊണ്ട് ഒരു എം.പിയുടെ ഓഫിസ് അടിച്ചു തകര്‍ത്തത് പൊലീസ് തടഞ്ഞില്ല, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയുടെ ഓഫിസ്. അതിനര്‍ത്ഥം ഇത് മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്‍റെയും അറിവോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. 52 മണിക്കൂര്‍ നരേന്ദ്ര മോദി ഇഡിയെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല. മോദി നിര്‍ത്തിയ ഇടത്ത് പിണറായി തുടങ്ങി. രാഹുല്‍ ഗാന്ധിയെ ആക്രമിച്ച് മോദിയെ സുഖിപ്പിക്കാനുള്ള ശ്രമമാണിത്.
ഇത് സി.പി.എം അംഗീകരിച്ച സമര മുറയാണോ എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. അക്രമികളെ പുറത്താക്കാന്‍ സി.പി.എം തയ്യാറാകുമോ എന്നും വേണുഗോപാല്‍ ചോദിച്ചു.
Also Read കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം