തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി പരസ്യമായി രംഗത്ത്. കേസൊതുക്കാന്‍ ആദ്യം 20 ലക്ഷം രൂപയും പിന്നീട് 30 ലക്ഷം രൂപയും വാഗ്ദാനം ചെയ്തതായി പരാതിക്കാരി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. സെപ്തംബര്‍ 14ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പി.എക്കും ഡ്രൈവറിനുമൊപ്പം കാറിലെത്തിയ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ തന്നെ കോവളത്തേക്കു കൂട്ടിക്കൊണ്ടു പോയി.
ആദ്യം മർദ്ദിച്ചത് കോവളത്ത്: ഗസ്റ്റ് ഹൗസില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ പുറത്തേക്കു നടന്നു. പിന്നാലെ കാറിലെത്തിയ എം.എല്‍.എയും സംഘവും ആദ്യം കാറില്‍ കയറ്റി മര്‍ദ്ദിച്ചു. സൂയിസയിഡ് പോയിന്‍റിലെത്തിയപ്പോള്‍ കാറില്‍ നിന്നിറക്കി മര്‍ദ്ദിച്ചു. അപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തി. അപ്പോള്‍ ഭാര്യയാണെന്നു പറഞ്ഞാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ തന്നെ പിറ്റേ ദിവസം പുലര്‍ച്ചെ എം.എല്‍.എ എത്തി ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിച്ചു. നിരന്തരം ഭീഷണി എം.എല്‍.എയുടെയും കോണ്‍ഗ്രസുകാരുടെയും ഭാഗത്തു നിന്നുണ്ടായതോടെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിനു 28ന് ഓണ്‍ലൈനായി പരാതി നല്‍കി.
ഒത്തുകളിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ: ഒക്‌ടോബര്‍ 1ന് കമ്മിഷണര്‍ ഈ പരാതി കോവളം എസ്.എച്ച്.ഒയ്ക്ക് കൈമാറി. ഇതിനു പിന്നാലെ കേസൊതുക്കാന്‍ എസ്.എച്ച്.ഒ ശ്രമം ആരഭിച്ചു. ഇരയായ തന്റെ പേരും സ്ഥലവും വരെ എസ്.എച്ച്.ഒ വെളിപ്പെടുത്തിയതു തന്നെ എം.എല്‍.എ യുടെ സ്വാധീനത്തിനു തെളിവാണെന്ന് പരാതിക്കാരി ആരോപിച്ചു. ഒക്‌ടോബര്‍ 7ന് മൊഴി നല്‍കാന്‍ കോവളം സ്‌റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും സമയമില്ലെന്നു പറഞ്ഞ് മടക്കി.
വീണ്ടും മർദ്ദനം: ഒക്‌ടോബര്‍ 9ന് മദ്യപിച്ച് വീട്ടിലെത്തിയ എം.എല്‍.എ തന്നെ ബലമായി കാറില്‍ കയറ്റി വഞ്ചിയൂരിലുള്ള വക്കീല്‍ ഓഫീസില്‍ കൊണ്ടു വന്നു. അവിടെ വച്ച് പരാതിയില്ലെന്ന് വെള്ളപ്പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാത്ത തന്നെ അഭിഭാഷകനു മുന്നില്‍ വച്ച് എം.എല്‍.എ മര്‍ദ്ദിച്ചു. കേസ് പിന്‍വലിക്കുന്നതിന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ആദ്യം 20 ലക്ഷമായിരുന്നു വാഗ്ദാനമെന്നും പരാതിക്കാരി ആരോപിച്ചു.
ആത്മഹത്യ ചെയ്യില്ല: വക്കീല്‍ ഓഫീസിലെ സംഭവത്തിനു പിന്നാലെ ഭീഷണിയും സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രം സഹിതം അധിക്ഷേപവും തുടര്‍ന്നതോടെ നാടുവിടുകയായിരുന്നു. ഇക്കാര്യം കോവളം എസ്.എച്ച്.ഒയ്ക്ക് മെസേജ് ആയി അയച്ചു. ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമങ്കിലും നീതിലഭിക്കണമെന്ന ചിന്തയില്‍ നിന്നാണ് ആ ശ്രമം ഉപേക്ഷിച്ചത്.
അതിനിടെയാണ് കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് തന്നെ പിടികൂടി ഇവിടെ എത്തിച്ചത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചോ എന്ന ചോദ്യത്തിന് പരാതിക്കാരി മറുപടി നല്‍കിയില്ല. പൊലീസിലും മജിസ്‌ട്രേറ്റിനും നല്‍കിയ രഹസ്യ മൊഴിയിലും ഉറച്ചു നില്‍ക്കുമെന്നും പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്നും യുവതി അറിയിച്ചു.
പ്രതിപക്ഷ നേതാവിനും അറിയാം: എം.എല്‍.എ സ്ഥിരം മദ്യപാനിയാണെന്നും നിരവധി യുവതികള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവതി ആരോപിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ ആക്രമണം നടക്കുന്നത്. ഇത്രയും കാര്യങ്ങള്‍ മാത്രമേ ഇപ്പോള്‍ പറയാനാഗ്രഹിക്കുന്നുള്ളൂവെന്നും വീണ്ടും മാധ്യമങ്ങളെ കാണുമെന്നും പരാതിക്കാരി പറഞ്ഞു.