തിരുവനന്തപുരം : ലോക്ക്ഡൗണിൽ മുടങ്ങിയ സീരിയൽ ചിത്രീകരണം ഇനി വാക്‌സിനേഷന് ശേഷമേ പുനരാരംഭിക്കൂവെന്ന് നിർമാതാക്കൾ. നിയന്ത്രണങ്ങൾ നീക്കിയ ശേഷം അനുമതി ലഭിച്ചാലും സെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടി വരുമെന്ന് നിർമാതാവ് എം. രഞ്ജിത്ത് ഇ ടി വി ഭാരതിനോട് പറഞ്ഞു.
എല്ലാ നിയമങ്ങളും അനുസരിക്കാൻ സീരിയൽ രംഗത്തുള്ളവർ തയാറാണ്. വാക്‌സിൻ്റെ ലഭ്യതയാണ് പ്രശ്നം. പണം കൊടുത്ത് വാങ്ങാൻ മടിയില്ല. ബാലതാരങ്ങൾ അടക്കം പ്രവർത്തിക്കുന്ന മേഖലയായതിനാൽ വാക്‌സിൻ ഒഴിവാക്കാനാവില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞു.
ചിത്രീകരണം മുടങ്ങിയതോടെ സീരിയൽ താരങ്ങളും സംവിധായകരുമൊക്കെ വീട്ടിലിരിക്കേണ്ട അവസ്ഥയാണ്. ദിവസ വേതനവും തുച്ഛമായ വേതനവും ഒക്കെ വാങ്ങുന്ന സാധാരണ സാങ്കേതിക പ്രവർത്തകരിൽ പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
സിനിമ പോലെ ചിത്രീകരണത്തിന് കൂടുതൽ പേർ ആവശ്യമില്ലാത്തതിനാൽ നിയന്ത്രണങ്ങൾ നീങ്ങിയാലുടൻ ചിത്രീകരണാനുമതി ലഭിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണം നടത്തിയിട്ടും ബിഗ് ബോസ് മൂന്നാം സീസണിൻ്റെ സെറ്റിൽ കൊവിഡ് ബാധയുണ്ടായിരുന്നു.
Also Read: മുട്ടിൽ വനംകൊള്ള; ഹർജി തള്ളി ഹൈക്കോടതി
ആദ്യ തരംഗത്തിലേതിനേക്കാൾ മരണ നിരക്ക് രണ്ടാം തരംഗത്തിലുണ്ടായത് ഗൗരവത്തോടെയാണ് സീരിയൽ മേഖല കാണുന്നത്. മൂന്നാം തരംഗം കൂടുതൽ ആശങ്കയ്ക്ക് വഴിയൊരുക്കമെന്ന വിലയിരുത്തലുണ്ട്. ഈ പശ്ചാത്തലത്തിൽ വാക്‌സിനേഷൻ കൂടാതെ ചിത്രീകരണം നടത്തുന്നത് ആത്മഹത്യാപരമാകുമെന്നും സീരിയൽ നിർമാതാക്കൾ പറയുന്നു.