തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണതായ കേസില്‍ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം. വെടിയുണ്ടകള്‍ കാണാതായ സമയത്ത് എസ്എപി ക്യാമ്പിന്‍റെ ചുമതല ഉണ്ടായിരുന്ന അസിസ്റ്റന്‍റ് കമാണ്ടർമാരെയും അസിസ്റ്റന്‍റ് ഇന്‍സ്‌പെക്‌ടർമാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഏഴ് അസിസ്റ്റന്‍റ് കമാണ്ടർമാരുടെയും അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരുടെയും സാനിധ്യത്തിലാണ് വെടിയുണ്ടകള്‍ കാണാതായത് എന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. കൂടാതെ കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ല എന്ന നിഗമനവും ക്രൈം ബ്രാഞ്ചിനുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കി.
കാണാതായ വെടിയുണ്ടകളുടെ കെയ്‌സിന് പകരം വ്യാജ കെയ്‌സുകള്‍ നിര്‍മ്മിച്ച് വെച്ച കേസില്‍ എസ്.ഐയെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ തോക്കുകളുടെ കണക്കെടുത്ത പോലെ വെടിയുണ്ടകളുടെ കണക്ക് എടുക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നാളെ ഇവ എണ്ണി പരിശോധിക്കാനാണ് തീരുമാനം.