തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. പി.സി വിഷ്‌ണുനാഥ് എ.ഐ.വൈ.എഫിന്‍റെ സെമിനാറിൽ പങ്കെടുത്തത് കെ.പി.സി.സി നേതൃത്വത്തിന്‍റെ അനുമതിയോടെയാണോയെന്ന് വ്യക്തമാക്കണമെന്നും കെ.വി തോമസ് ആവശ്യപ്പെട്ടു. തനിക്ക് ഒരു നീതി മറ്റുള്ളവർക്ക് മറ്റൊരു രീതി എന്ന സമീപനം ശരിയല്ല.
വിഷയം ഇന്നലെ രാത്രി തന്നെ എഐസിസി പ്രസിഡൻ്റ് സോണിയ ഗാന്ധിയുടെയും എ കെ ആന്റണിയുടെയും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെയും ശ്രദ്ധയിപ്പെടുത്തി. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിൽ തനിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം എഐസിസി നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധിയാണെന്ന പി.ജെ കുര്യന്‍റെ വിവാദ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം പി.ജെ കുര്യനുമായി സംസാരിച്ചു. ജി 23യുടെ അഭിപ്രായമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ തനിക്കും അഭിപ്രായമുണ്ട്. ഗാന്ധി കുടുംബത്തിനാണ് കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ കഴിയുന്നത്.
അവരാണ് 'ബൈൻഡിംഗ് ഫോഴ്സ്'. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രവർത്തകരോടൊപ്പം നിന്ന് മുന്നോട്ട് പോകണം. അദ്ദേഹത്തിന്‍റെ അപ്പോയിമെന്‍റിന് വേണ്ടി 3 വർഷമായി ഞാൻ കാത്തിരിക്കുകയാണ്. അതേസമയം അച്ചടക്ക സമിതി യോഗം ഉണ്ടാകുമോ എന്ന കാര്യം തനിക്കറിയില്ലെന്നും കെ.വി തോമസ് പറഞ്ഞു.
also read: ഇഫ്‌താറിൻ്റെ അർഥമറിയാത്ത തോമസിൻ്റെ പുലമ്പലിന് മറുപടിയില്ല: വി.ഡി സതീശൻ