തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസിന് ഗുരുതര സുരക്ഷാവീഴ്‌ച സംഭവിച്ചെന്ന് ആക്ഷേപം. എഡിജിപി ഇന്‍റലിജൻസ് തയാറാക്കിയ സുരക്ഷാസ്‌കീം ചോർന്നതായാണ് വിവരം. പ്രധാനമന്ത്രിയുടെ പൊലീസ് സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളാണ് ചോർന്നത് എന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും പൂർണ വിവരങ്ങളും ഇതിലുള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 49 പേജുള്ള സുരക്ഷാസ്‌കീമില്‍ വിവിഐപികൾക്ക് നൽകുന്ന സുരക്ഷയുടെ വിശദമായ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന അതാത് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് വിശദമായ വിവരങ്ങളടങ്ങിയ ഈ സുരക്ഷാസ്‌കീം കൈമാറുന്നത്.
എഡിജിപി ഇന്‍റലിജൻസ് തയാറാക്കിയ സുരക്ഷാസ്‌കീം ചോർന്ന സാഹചര്യത്തിൽ മാറ്റം വരുത്തി പുതിയത് തയാറാക്കി തുടങ്ങിയതായാണ് ലഭ്യമാകുന്ന വിവരം. അതേസമയം സുരക്ഷാസ്‌കീം ചോർന്ന സംഭവത്തിൽ എഡിജിപി ഇന്‍റലിജൻസ് ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ഏപ്രിൽ 25ന് രാവിലെ 10.30നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ്. ശേഷം 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനമടക്കം വിവിധ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും. പരിപാടിയില്‍ വിവിഐപികൾക്ക് അതീവ സുരക്ഷയോടും ജാഗ്രതയോടുമാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്‌പിജി) കേരള പൊലീസും സുരക്ഷ ഒരുക്കുന്നത്.
ഇതുസംബന്ധിച്ചെല്ലാമുള്ള ഗൗരവമേറിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. മാധ്യമങ്ങൾക്കടക്കം കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന് പാസുകൾ അനുവദിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടി റിപ്പോർട്ടുചെയ്യുന്നതിനായി പിആർഡിയുടെയോ പിഐബിയുടെയോ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെ മാത്രം നിയോഗിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
അതിനിടെയാണ് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം സംബന്ധിച്ച വിവരവും പുറത്തുവരുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്കാണ് കത്ത് വഴി പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്‍റെ പേരിലാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അടങ്ങിയ കത്ത് വന്നിരിക്കുന്നത്. അതീവ ഗൗരവമുള്ള സംഭവമായതിനാൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.