തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ശശി തരൂർ എംപിയുടെ നേതൃത്വത്തില്‍ സെക്കുലർ മാർച്ച് സംഘടിപ്പിച്ചു. കവടിയാർ വിവേകാനന്ദ സ്മൃതി മണ്ഡപത്തിൽ നിന്നും കിഴക്കേകോട്ട ഗാന്ധി പാർക്ക് വരെ നടന്ന പദയാത്ര എഐസിസി പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ശശി തരൂരിന് പതാക കൈമാറി. ഭരണഘടന പൊളിച്ചെഴുതാനുള്ള ആർഎസ്‌എസിന്‍റെയും ബിജെപിയുടെയും ശ്രമങ്ങളുടെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്ന് എ.കെ.ആന്റണി പറഞ്ഞു.
വിവേകാനന്ദ പ്രതിമയിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷമായിരുന്നു പദയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പദയാത്ര. ഉദ്ഘാടനച്ചടങ്ങിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.