തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയക്കുന്നതിന് വേണ്ടിയാണ് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. തീപിടിത്തത്തില്‍ ഫോറന്‍സിക് പരിശോധന ഫലം ലഭ്യമായ ശേഷമാകും വിശദമായ റിപ്പോർട്ട് തയ്യാറാക്കുക.
ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമായെന്നാണ് പൊലീസിന്‍റെയും പ്രാഥമിക വിലയിരുത്തല്‍. ചുമരിലെ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിലേയ്ക്കും കടലാസുകളിലേയ്ക്കും വീണതാണ് തീപിടിത്തതിന് കാരണമെന്ന് പൊതുമാരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ മന്ത്രി ജി. സുധാകരന് റിപ്പോര്‍ട്ട് നല്‍കി. തീപിടിത്തം സംബന്ധിച്ച് റീജിയണല്‍ ഫയര്‍ഫോഴ്‌സ് ഓഫിസറും ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ശാസ്ത്രീയമായ തെളിവുകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറും.
സംഭവത്തെകുറിച്ച് അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സെക്രട്ടേറിയറ്റിലെ സുരക്ഷ സംവിധാനത്തിലെ പോരായ്‌മകള്‍ പരിഹരിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.