തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയ കേരളം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് 100 സീറ്റുകളുമായി ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയനും സംഘവും. പക്ഷേ സർക്കാരിന്‍റെ വീഴ്‌ചകൾ തുറന്നുകാട്ടി സമര പ്രക്ഷോഭങ്ങളുമായി പ്രതിപക്ഷവും ശക്തമായി രംഗത്തുണ്ട്.
12 മാസം സമരക്കടല്‍: പ്രളയം, കൊവിഡ് മഹാമാരി അടക്കമുള്ള വലിയ പ്രതിസന്ധികൾ അതിജീവിച്ച് അധികാരത്തിലേറിയ പിണറായി വിജയൻ വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചാണ് രണ്ടാം ടേം തുടങ്ങിയത്. കേരളത്തിന്‍റെ വികസന ഭൂപടത്തിലെ നിർണായക തുടക്കമെന്ന് ആവർത്തിച്ച് പറഞ്ഞാണ് സില്‍വർ ലൈൻ പദ്ധതിക്ക് തുടക്കമിട്ടത്. പക്ഷേ പദ്ധതിയുടെ പ്രാരംഭ നടപടികൾ അടക്കം വിവാദത്തിലായതോടെ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്ത് എത്തി.
സിൽവർ ലൈൻ കല്ലിടലാണ് ഈ കാലയളവിൽ സർക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിഷേധം. കല്ലിടൽ നടപടി ഊർജിതമാക്കിയതോടെ സംസ്ഥാനം പ്രതിഷേധത്തില്‍ മുങ്ങി. സമരത്തിന് നേരെ നടന്ന പൊലീസ് നടപടികളും ഏറെ വിമർശിക്കപ്പെട്ടു. സമരം ശക്തമായതോടെ സർവേ ജിപിഎസ് വഴിയാക്കി വിവാദങ്ങളിൽ നിന്ന് താത്കാലികമായി സർക്കാർ തലയൂരുകയാണ് ഉണ്ടായത്.
ആനവണ്ടിയും തീരാക്കടങ്ങളും: കെഎസ്ആർടിസി ശമ്പള വിതരണവും സമരങ്ങളുമാണ് ആദ്യ വർഷം സർക്കാരിനെ വെട്ടിലാക്കിയ മറ്റൊരു സംഭവം. ശമ്പളം മുടങ്ങിയതോടെ പണിമുടക്കുകളും തുടർകഥയായി. എന്നാൽ 200 കോടി അനുവദിച്ച് ഒന്നാം പിറന്നാള്‍ ദിനത്തിൽ ശമ്പള വിതരണ നടപടികള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതോടെ കെഎസ്ആർടിസി വിവാദവും കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കാം.
ഒന്നിന് പുറകെ ഒന്നായി രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളം കണ്ടതോടെ ആദ്യ വർഷം ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടിലായി. 10ഓളം രാഷ്‌ട്രീയ കൊലപാതകങ്ങളാണ് സർക്കാരിന്‍റെ ആദ്യ വർഷം കേരളം കണ്ടത്. കൊവിഡ് മരണ കണക്കുകളിലെ പൊരുത്തകേടും സർക്കാരിന് വിമർശനമായി.
ഗവർണറും സർക്കാരും നേർക്കുനേർ: കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനത്തിലടക്കം ഗവർണറും സർക്കാരും കൊമ്പുകോർത്തു. രാജ്ഭവനിലെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട സർക്കാർ വിമർശനവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവർണർ വൈകിപ്പിച്ച കോലഹലങ്ങള്‍ക്കും സംസ്ഥാനം സാക്ഷിയായി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതിയും പരക്കെ വിമർശിക്കപ്പെട്ടു.
സർക്കാർ മുന്നോട്ട് തന്നെ: പതിനേഴായിരത്തിൽപ്പരം കോടിയുടെ 1557 നൂറുദിന കർമ്മപരിപാടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ലൈഫ്ഭവന പദ്ധതിയും പട്ടയ വിതരണവുമെല്ലാം നേട്ടമായി ഉയർത്തിക്കാട്ടുന്നു. വിജ്ഞാനാധിഷ്‌ഠിത തൊഴിൽ പോർട്ടലിൽ ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് വേദിയൊരുക്കിയും, കെ ഫോണ്‍ വേഗത്തിലാക്കിയും സർക്കാർ മുന്നോട്ട് നീങ്ങുകയാണ്.
ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയത് മറ്റൊരു നേട്ടം. 900 വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ച പ്രകടനപത്രികയിൽ ഏകദേശം 765 ഇനത്തിൽ നടപടികൾ വിവിധ ഘട്ടത്തിൽ എത്തിക്കാൻ സാധിച്ചെന്നും സർക്കാർ അവകാശപ്പെടുന്നു.