തിരുവനന്തപുരം: ചരിത്രമെഴുതി രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരത്തിലേറും. ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം. കേരള സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സത്യപ്രതിജ്ഞ തത്സമയം കാണുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. കേരള ഗവൺമെന്‍റ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, പിആർഡി കേരള യൂട്യൂബ് ചാനൽ, കേരള സർക്കാർ വെബ്സൈറ്റ്, പിആർഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴിയും ചടങ്ങ് കാണാം.
അതേസമയം ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല എന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിലുള്ള പ്രതിഷേധം അറിയിച്ചാണ് വെർച്വൽ ആയി ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്. അതേസമയം 400 പേരിൽ താഴെ മാത്രമേ ചടങ്ങിന് എത്തൂ എന്നാണ് സർക്കാർ വിലയിരുത്തുന്നത്. ചടങ്ങിനു മുന്നോടിയായി 52 ഗായകരും പ്രമുഖരും ചേരുന്ന സംഗീതാവിഷ്‌കാരം ഗീതാഞ്ജലി എന്ന പേരിൽ സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ഗീതാഞ്ജലി ഒരുക്കിയത്. മലയാളത്തിലെ മഹാകവികളുടെ കവിതാശകലങ്ങളും പ്രഭാവർമ്മയുടെയും റഫീഖ് അഹമ്മദിന്‍റെയും വരികളും ഉൾപ്പെടുത്തിയാണ് ഗീതാഞ്ജലിയുടെ ആവിഷ്കാരം.
നേരത്തെ 500 പേർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് അത്രയും ആളുകൾ പങ്കെടുക്കുമെന്ന കാര്യത്തിൽ സംശയമാണ്. പരമാവധി ആളുകളെ കുറച്ചുകൊണ്ടുള്ള ഒരു ചടങ്ങായിരിക്കും നടക്കുക എന്ന് മുഖ്യമന്ത്രി തന്നെ നേരത്തേ അറിയിച്ചിരുന്നു. പ്രധാന അതിഥികൾ മാത്രമാകും ചടങ്ങിലുണ്ടായിരിക്കുക. തന്‍റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ, ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സംഭാവന ചെയ്‌ത കൊല്ലത്തെ സുബൈദ എന്നിവരും ചടങ്ങിൽ വിശിഷ്‌ട അതിഥികളായി എത്തും.
കൂടുതൽ വായനയ്‌ക്ക്: ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്, ധനവകുപ്പ് ബാലഗോപാലിന്; മന്ത്രിമാര്‍ ഇവരൊക്കെ