തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയതിന്‍റെ സമയ പരിധി ഒക്ടോബർ 30 വരെ നീട്ടി. സെപ്റ്റംബർ ഒന്നു മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും കോ ഡ്രൈവറും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നേരത്തെ ഗതാഗത മന്ത്രി രാജു അറിയിച്ചിരുന്നു. നിലവിൽ നവംബർ ഒന്നു മുതൽ ആകും ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുക.
നവംബർ ഒന്ന് മുതൽ കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. റോഡ് സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ 2005 മുതലുള്ള ഹെവി വാഹനങ്ങൾക്കായിരുന്നു സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നതെങ്കിൽ നിലവിൽ 1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഇക്കാര്യം എ ഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താനായി ഓഗസ്‌റ്റ് മൂന്നിന് ചേർന്ന ഉന്നതതല യോഗത്തില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു.
ഗതാഗത നിയമ ലംഘനങ്ങൾക്ക് നിലവിലുള്ള പിഴ മുഴുവൻ അടച്ചു തീർത്തവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുവെന്നും യോഗത്തില്‍ അറിയിച്ചിരുന്നു. ഇതിനായി കഴിഞ്ഞ ദിവസം മന്ത്രി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ തുടർച്ചയായി ആവര്‍ത്തിക്കുകയും പിഴ അടക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്താറുണ്ട്.
എന്നാൽ ഇതിന് പുറമെയാണ് ഇപ്പോൾ ഇൻഷുറൻസ് തടയാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നത്. ഇതിന്‍റെ തുടർ നടപടികൾക്കായി മന്ത്രി കഴിഞ്ഞ ദിവസം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തി. രാവിലെ 11 മണിക്ക് ഗതാഗത മന്ത്രിയുടെ ചേംബറിലായിരുന്നു ചർച്ച.
ഇന്‍ഷുറന്‍സ് പരിരക്ഷ തടയാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും സര്‍ക്കാർ തല ചർച്ച നടത്തുമെന്നാണ് വിവരം. 2018 സെപ്റ്റംബർ മുതൽ പുതുതായി വാങ്ങുന്ന കാറുകൾക്ക് മൂന്ന് വർഷത്തെയും ഇരുചക്ര മോട്ടോർ വാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും ഇൻഷുറൻസാണ് നൽകിയിരുന്നത്. ഇത് വർഷന്തോറും പുതുക്കണം.
ഇൻഷുറൻസ് പുതുക്കുന്നതിന് മറ്റ് മാനദണ്ഡങ്ങൾ ഇതുവരെയില്ല. എന്നാൽ എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ നിയമലംഘകർ തയ്യാറാകാത്തതാണ് ഈ നടപടിക്ക് ഗതാഗത വകുപ്പിനെ പ്രേരിപ്പിക്കുന്നത്. 3,82,580 ഇ ചലാനുകളാണ് ഇതുവരെ എ ഐ ക്യാമറ വഴി ജനറേറ്റ് ചെയ്‌തത്. 25.81 കോടി രൂപയാണ് ഇ ചലാൻ ജനറേറ്റ് ചെയ്‌തത് വഴി പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക.
ഇതിൽ 3.37 കോടി രൂപ മാത്രമാണ് ഇതുവരെ പിഴ തുകയായി ലഭിച്ചത്. ഈ സാഹചര്യത്തിൽ പിഴ തുക സുഗമമായി അടപ്പിക്കുന്നതിന് വേണ്ടിയാണ് ഗതാഗത വകുപ്പ് വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പൂർണമായും അടച്ചു തീർക്കണമെന്ന മാനദണ്ഡം മുന്നോട്ട് വയ്ക്കാൻ ഒരുങ്ങുന്നത്.
ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റി: ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റിയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടുമെന്നും ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പു വരുത്താനും നിർദേശിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.
എ ഐ ക്യാമറകളുടെ പ്രവർത്തനഫലമായി സംസ്ഥാനത്ത് റോഡ് അപകടങ്ങളും മരണ നിരക്കും ഗണ്യമായി കുറഞ്ഞതിനാൽ വാഹന ഇൻഷുറൻസില്‍ നോണ്‍-വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
അപകടങ്ങളും മരണ നിരക്കും കുറയുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോള്‍ഡന്‍ ഹവര്‍ ട്രീറ്റ്‌മെന്‍റിന്‍റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കുവാനും റോഡരികുകളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കും.
ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ മൂന്നാം വാരം ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കും. എ ഐ ക്യാമറകളുടെ വരവോടെ മെഡിക്കൽ കോളേജുകളിൽ അത്യാഹിത വിഭാഗങ്ങളിൽ റോഡ് അപകടവുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന് യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വകുപ്പിലെ പ്രതിനിധികൾ അറിയിച്ചു.
അതേസമയം വാഹനങ്ങൾക്ക് തുടർച്ചയായി തീപിടിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കാനും ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വാഹന നിർമാതാക്കളുടെയും ഡീലർമാരുടെയും യോഗത്തിലാണ് തീരുമാനം. രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ വാഹനങ്ങളിലെ തീപിടിത്തത്തെ കുറിച്ച് കൃത്യമായി പഠിച്ച് അതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല ഇത്തരം അപകടങ്ങൾക്ക് കാരണം അശാസ്ത്രീയ മോഡിഫിക്കേഷനാണെന്നും ഇതിനെതിരെ ബോധവത്‌ക്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.