തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി മരണം. പാറശാല പരശുവയ്ക്കല്‍ സ്വദേശി സബിതയാണ് ഞായറാഴ്‌ച മരിച്ചത്. കടുത്ത പനി ബാധയെ തുടര്‍ന്ന് സബിത തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു.
ആറാം തീയതിയാണ് സബിതയ്ക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പത്താം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്.
ഇന്ന്(12.06.2022) രാവിലെ മരണം സംഭവിക്കുകയായിരുന്നു. നാല് ദിവസത്തിനിടെ രണ്ടാമത്തെ മരണമാണ് ചെള്ള്പനി ബാധിച്ച് തിരുവനന്തപുരത്ത് സംഭവിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച വര്‍ക്കലയില്‍ ഇതേ രോഗത്തെ തുടര്‍ന്ന് 15 വയസുകാരി മരിച്ചിരുന്നു.
വര്‍ക്കലയില്‍ രോഗബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നിട്ടും ജില്ലയില്‍ വീണ്ടും ചെള്ള് പനി സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.