ന്യൂഡല്‍ഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്‍റെ 25 വര്‍ഷത്തെ വരവ് കണക്ക് ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. ഓഡിറ്റിങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന ട്രസ്റ്റിന്‍റെ ഹര്‍ജി കോടതി തള്ളി. യുയു ലളിതിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റേതാണ് വിധി. കഴിയുമെങ്കില്‍ മൂന്ന് മാസത്തിനകം നടപടി പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം.
2015ല്‍ കോടതി ഏര്‍പ്പെടുത്തിയ അമിക്കസ്ക്യൂറി നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ക്ഷേത്രത്തിനോടനുബന്ധമായ മണ്ഡപങ്ങളുടെയും ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിരമാളിക എന്നിവയും പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലാണ്.
ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി നേരത്തെ നിയമിച്ചിരുന്ന അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യവും പ്രത്യേക ഓഡിറ്റര്‍ വിനോദ് റായിയും ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീംകോടതിയെ നേരത്തെ അറയിച്ചിരുന്നു.
കൂടുതല്‍ വായനക്ക്: ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി
വരവില്ല, പ്രതിമാസ ചെലവ് 1.25 കോടി രൂപ
ക്ഷേത്രത്തിന്‍റെ ദൈനംദിന ചെലവുകൾക്ക് പണം നൽകേണ്ട ട്രസ്റ്റിന്‍റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും ഭരണസമിതി കോടതിയില്‍ ആവശ്യപ്പെട്ടു. 1.25 കോടി രൂപയാണ് ക്ഷേത്രത്തിലെ പ്രതിമാസ ചെലവ്. എന്നാല്‍, നിലവിലെ വരുമാനം 60 - 70 ലക്ഷമാണ്. ഇക്കാരണത്താല്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമിതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ ക്ഷേത്രം
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ട്രസ്റ്റിന്‍റെ കഴിഞ്ഞ 25 വർഷത്തെ വരവുകള്‍ ഓഡിറ്റ് ചെയ്യണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഓഡിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബം ഉള്‍പ്പെട്ട ട്രസ്റ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. ഇതാണ് കോടതി തള്ളിയത്.
പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ട്രസ്റ്റിന്‍റെ ആവശ്യം. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2020 ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണ സമിതിയും ക്ഷേത്ര ഉപദേശക സമിതിയും യോഗം ചേര്‍ന്ന് ഓഡിറ്റിങ്ങിനായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. ഓഡിറ്റിംഗ് സ്ഥാപനം വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ട്രസ്റ്റ് അതിനോട് സഹകരിക്കാതെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
തങ്ങള്‍ ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിലല്ലെന്ന ട്രസ്റ്റിന്‍റെ വാദം ഓഡിറ്റിംഗിനു ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.